സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

റിയാദ്: സൗദി അറേബ്യയിലെ മദീനയ്ക്ക് പടിഞ്ഞാറുള്ള ബദര്‍ ഗവര്‍ണറേറ്റില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാറില്‍ കുടുങ്ങിയ വയോധികനെയും ഭാര്യയെയും സൗദി യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ചയായിരുന്നു സംഭവം.
വാദി അല്‍ വാസിത്വയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വാഹനത്തിലേക്ക് ഹെല്‍മെറ്റും സുരക്ഷാ ഉപകരണങ്ങളും ധരിച്ചെത്തിയ ഒരു യുവാവ് കയറുകളുടെ സഹായത്തോടെ എത്തുന്നതും ദമ്പതികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് മഴയെ തുടര്‍ന്ന് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുകയായിരുന്നു. വിവരമറിഞ്ഞ് ആവശ്യമായ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളുമായി പാഞ്ഞെത്തിയ യുവാക്കള്‍ സമയോചിതമായി ഇടപെട്ടാണ് ദമ്പതികളെ സുരക്ഷിതരായി പുറത്തെത്തിച്ചത്.
മദീനയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ മുതല്‍ ഇടിമിന്നലോട് കൂടി ഒറ്റപ്പെട്ട ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ചയും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്കി.