പറ്റുമെങ്കില്‍ തടയൂ: ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ തീര്‍ത്ത് പ്രതിപക്ഷം: ജനപ്രളയത്തില്‍ മുങ്ങി തെരുവുകള്‍

ന്യൂഡല്‍ഹി: ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ ‘ഇന്ത്യാ’ മുന്നണി സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ‘ചലോ ദില്ലി’ എന്ന് വിശേഷിപ്പിച്ച ഈ മാര്‍ച്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ തേജസ്വി യാദവ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം, പ്രതിപക്ഷ നേതാക്കളുടെ കൂടിക്കാഴ്ചാ അഭ്യര്‍ത്ഥന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിരസിച്ചു. സുപ്രീം കോടതിയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിക്കുന്ന പ്രതിപക്ഷവുമായി കൂടിക്കാഴ്ച നടത്തുന്നതിന് പരിമിതിയുണ്ട്. ഈ വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഹര്‍ജി ഫയല്‍ ചെയ്തുകൊണ്ട് കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐആര്‍ ക്രമക്കേടുകള്‍ അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികളും സിജെപി ഉള്‍പ്പെടെയുള്ള യുവജന സംഘടനകളും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്നത്. പ്രതിഷേധം നടത്തുന്നവരെ വ്യാപകമായി പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്.