ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; സൗദിയില്‍ അമേരിക്കന്‍ പൗരന്മാര് അറസ്റ്റില്‍

പാരിസ്: ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെ വന്‍ സൈബര്‍ ആക്രമണം. ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും താപനില നിയന്ത്രിക്കുന്ന സോഫ്റ്റ് വെയറിന്റെ നിയന്ത്രണം ഹാക്കര്‍മാര്‍ കൈവശപ്പെടുത്തി താപനില വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ശീതീകരിച്ചു സൂക്ഷിച്ച ഭക്ഷ്യസാധനങ്ങള്‍ കേടായി. ഫ്രാന്‍സിലെ ഏകദേശം 400 ഓളം സ്റ്റോറുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൂപ്പറേററ്റീവ് യു, ഇന്റര്‍മാര്‍ഷെ , നെറ്റോ, കാരഫോര്‍, മോണോപ്രിക്സ് തുടങ്ങിയ പ്രമുഖ റീട്ടെയില്‍ ശൃംഖലകളിലെ സ്റ്റോറുകളെയാണ് ആക്രമണം ബാധിച്ചത്.
ഡാനിഷ് എന്‍ജിനീയറിംഗ് കമ്പനിയായ ഡാന്‍ഫോസ് നല്കിയ സോഫ്റ്റ് വെയറിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ശീതീകരണ സംവിധാനങ്ങള്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് നിയന്ത്രിക്കുന്ന സോഫ്റ്റ് വെയര്‍ സംവിധാനത്തില്‍ കടന്നുകയറി രാത്രിയില്‍ താപനില ഉയര്‍ത്തുകയായിരുന്നു. ചില ഫ്രിഡ്ജുകളിലെ താപനില രാത്രിയില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ത്തുകയും ആറ് മണിക്കൂറോളം ഇതേ താപനിലയില്‍ തുടരുകയും ചെയ്തു. സുരക്ഷാ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാത്ത പഴയ മോഡല്‍ കോള്‍ഡ് യൂണിറ്റുകളെയാണ് ആക്രമണം ബാധിച്ചതെന്ന് ഡാന്‍ഫോസ് വ്യക്തമാക്കി.
കൂപ്പറേററ്റീവ് യു ശൃംഖലയിലെ നൂറിലധികം സ്റ്റോറുകളെയും ഇന്റര്‍മാര്‍ഷെ, നെറ്റോ ബ്രാന്‍ഡുകളുടെ 180 സ്റ്റോറുകളെയും സൈബറാക്രമണം ബാധിച്ചു. മുന്‍കരുതലിന്റെ ഭാഗമായി 100 സ്റ്റോറുകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. തിങ്കളാഴ്ച രാവിലെ എത്തിയ ജീവനക്കാര്‍ ഫ്രീസറുകളില്‍ നിന്ന് ചൂടുവായു പുറത്തുവരുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചിലയിടങ്ങളില്‍ ചെറിയ രീതിയില്‍ തീപ്പിടിത്തവുമുണ്ടായി. അല്‍സാസ് മേഖലയിലെ രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാത്രം 2,70,000 യൂറോയുടെ ( ഏകദേശം 28 കോടിയോളം രൂപ) നഷ്ടം രേഖപ്പെടുത്തി. സംഭവത്തില്‍ പാരിസ് പ്രോസിക്യൂട്ടറുടെ ഓഫീസ് സൈബര്‍ കുറ്റകൃത്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.