ചൗക്കിദാര്‍ ചോര്‍ ഹെ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികള്‍ക്ക് സ്റ്റേ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ പരാമര്‍ശവുമായി ബന്ധപ്പെട്ട ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ വിചാരണക്കോടതി നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. മാനനഷ്ടക്കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസും അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് സ്റ്റേ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് സിങ്വി രാഹുല്‍ ഗാന്ധിക്കുവേണ്ടി ഹാജരായി.
2019ല്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച സമന്‍സ് റദ്ദാക്കണമെന്ന ആവശ്യം സെപ്റ്റംബര്‍ എട്ടിന് ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. 2019 ഓഗസ്റ്റ് 28ന് ഗിര്‍ഗാവ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു രാഹുലിന്റെ ഹര്‍ജി. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
2018 സെപ്റ്റംബര്‍ 20ന് രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകനായ മഹേഷ് ശ്രീശ്രിമാല് പരാതി നല്‍കിയത്. ബിജെപി അംഗമെന്ന നിലയില്‍ പാര്‍ട്ടി നേതാവിനെതിരായ പരാമര്‍ശങ്ങള്‍ തനിക്കും അപകീര്‍ത്തിയുണ്ടാക്കിയെന്ന് ശ്രീശ്രിമാല് വാദിച്ചു.