ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; സൗദിയില്‍ അമേരിക്കന്‍ പൗരന്മാര് അറസ്റ്റില്‍

അബുദാബി: ക്ലാസ് മുറിയില്‍ വെച്ച് നാല് വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിച്ച പ്രൈവറ്റ് സ്കൂള്‍ അധ്യാപകന് രണ്ട് വര്‍ഷത്തെ തടവും ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ യുഎഇയില്‍ നിന്ന് നാടുകടത്തലും വിധിച്ച് അബുദാബി ക്രിമിനല്‍ കോടതി. കോടതി ചെലവുകള്‍ വഹിക്കാനും പ്രതിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. അബുദാബിലെ ഒരു സ്വകാര്യ സ്കൂളിലെ ക്ലാസ് മുറിയില്‍ വെച്ചാണ് അധ്യാപകന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് 20 ദിവസത്തോളം വിശ്രമം ആവശ്യമായി വന്നു.
അന്വേഷണ വേളയിലും കോടതിയിലും പ്രതി കുറ്റം സമ്മതിച്ചു. ക്ലാസ് മുറിയിലെ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ ബഹളങ്ങള്‍ തടയുന്നതിനുമാണ് താന്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് അധ്യാപകന് വാദിച്ചത്. പരാതി ശരിവെക്കുന്നതായിരുന്നു ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍. വിദ്യാര്‍ത്ഥികളോട് അധ്യാപകന് ക്രൂരമായി പെരുമാറിയെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി കോടതി നിരീക്ഷിച്ചു.
സ്കൂളിനുള്ളില്‍, പാഠ്യവേളയില് ഇത്തരം ആക്രമണങ്ങള്‍ വെല്ലുവിളിയാണെന്ന് കോടതി വ്യക്തമാക്കി. വ്യക്തികളുടെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്ന ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും, സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനും നിയമവാഴ്ച സംരക്ഷിക്കാനും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ അത്യാവശ്യമാണെന്നും കോടതി അറിയിച്ചു.