എന്‍.എം.സി ഹെല്‍ത്ത് കെയര്‍ തട്ടിപ്പ്: ബി.ആര്. ഷെട്ടിയും പ്രശാന്ത് മംഗത്തും 540 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

ജിദ്ദ: വരാനിരിക്കുന്ന മഴക്കാലത്ത് അടിയന്തര വൈദ്യസഹായം വേഗത്തില്‍ ലഭ്യമാക്കുന്നതിനായി മക്ക മേഖലയിലുടനീളം 166 ആംബുലന്‍സ് സംഘങ്ങളെ പൂര്‍ണ്ണ സജ്ജരാക്കി നിര്‍ത്തിയതായി സൗദി റെഡ് ക്രസന്റ് അതോറിറ്റി അറിയിച്ചു. ജിദ്ദയില്‍ 69, മക്കയില്‍ 60, തായിഫില്‍ 37 എന്നിങ്ങനെയാണ് സംഘങ്ങളെ വിന്യസിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ എത്തിച്ചേരുന്നതിന് ആറ് പ്രത്യേക റെസ്പോണ്‍സ് വാഹനങ്ങളുടെ സേവനവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനങ്ങള്‍ നിരന്തരം നിരീക്ഷിച്ച്, കൂടുതല്‍ അപകടസാധ്യതയുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് സംഘങ്ങളെ വിന്യസിച്ചിരിക്കുന്നത്.
മക്ക മേഖലയിലെ 19 ആംബുലന്‍സ് സെക്ടറുകളിലായി 98 സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. മക്കയില്‍ 38, ജിദ്ദയില്‍ 36, തായിഫില്‍ 24 എന്നിങ്ങനെയാണ് ഈ കേന്ദ്രങ്ങളുടെ എണ്ണം. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ജിദ്ദയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
മക്ക, അല്‍-കാമില്‍, അല്‍-ജുമൂം, ബഹ്റ, തായിഫ്, മൈസാന്‍, അദ്ഹം, അല്‍-ആര്ദിയാത്, അല്‍-ലൈത്, അല്‍-ഖുന്‍ഫുദ എന്നീ പ്രവിശ്യകളില്‍ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ 997 എന്ന നമ്പറിലോ അല്ലെങ്കില്‍ ‘അസെഫ്നി’ മൊബൈല്‍ ആപ്പ് വഴിയോ ബന്ധപ്പെടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.