ചേരാനല്ലൂരില്‍ ബെന്‍സ് കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി

റിയാദ്: സൗദി അറേബ്യയില്‍ മിസൈല്‍ അവശിഷ്ടം പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഖമീസ് മുശൈത്തിലും അഹദ് റഫീദയിലും യമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക് മിസൈലുകള്‍ പ്രതിരോധിച്ച് നശിപ്പിച്ചു. ഇതിന് പിന്നാലെ പതിച്ച അവശിഷ്ടങ്ങള്‍ വീണാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. ഒരു സൗദി പൗരനും ഒരു ഏഷ്യന്‍ വംശജനായ പ്രവാസിക്കുമണ് പരിക്കേറ്റതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.
തകര്‍ന്നു വീണ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് മൂന്ന് പാര്‍പ്പിട കെട്ടിടങ്ങള്‍ക്കും ഏഴ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവസ്ഥലത്ത് സിവില്‍ ഡിഫന്‍സിന്റെയും എമര്‍ജന്‍സി ടീമുകളുടെയും നേതൃത്വത്തില്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങളും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളും പൂര്‍ത്തിയാക്കി.
വ്യോമാക്രമണ ഭീഷണിയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും റിയാദിലെ താമസക്കാര്‍ക്ക് എമര്‍ജന്‍സി മുന്നറിയിപ്പ് സന്ദേശം ലഭിച്ചതിന് തൊട്ടുപിന്നാലെ സൗദി തലസ്ഥാനത്ത് മൂന്ന് വലിയ സ്ഫോടന ശബ്ദങ്ങള്‍ മുഴങ്ങി.
ഞായറാഴ്ച മുതല്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ 1, ടെര്‍മിനല്‍ 2 എന്നിവയില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. എന്നാല്‍, സുരക്ഷാ ആശങ്കകള്‍ ശക്തമായ സാഹചര്യത്തില്‍, യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചു.