ചേരാനല്ലൂരില്‍ ബെന്‍സ് കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി

പട്ന: മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ബിഹാറിലെ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഖര്‍ഗെ പൊട്ടിത്തറിച്ചത്. ബിജെപിക്കും കേന്ദ്രത്തിനും എതിരേ സംസാരിക്കുന്നതിനിടെ മോദി എവിടെയും പോകില്ലെന്ന് സദസ്സില്‍നിന്ന് ഒരാള്‍ വിളിച്ചു പറഞ്ഞതാണ് ഖര്‍ഗെയെ പ്രകോപിതനാക്കിയത്. ഇതിനു പിന്നാലെയായിരുന്നു മോദിക്കെതിരെ ക്ഷുഭിതനായത്. അതേസമയം, മോദി അനുകൂല നിലപാട് പറഞ്ഞയാളെ പിന്നീട് സദസ്സില്‍നിന്ന് പുറത്താക്കി.
പട്നയില്‍ ഡോ. ശ്രീ കൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും ആഞ്ഞടിച്ചത്. ഇതിനിടെയാണ് നാടകീയരംഗങ്ങളും അരങ്ങേറിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നുണ പറയുന്ന സ്വഭാവമുണ്ടെന്ന് ഖര്‍ഗെ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ നൂറുദിവസത്തിനുള്ളില്‍ മുഴുവന്‍ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ പണം എവിടെ. ഉത്തരാഖണ്ഡിലെ ശുദ്ധീകരണ വിവാദത്തില്‍ അന്വേഷണം ഉറപ്പുനല്‍കിയ ബിജെപി മന്ത്രി ജെ.പി. നഡ്ഡ പിന്നീട് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. വേദി ശുദ്ധീകരണം നടത്തിയ സംഭവത്തിന് പിന്നിലുള്ളവരെ ഇപ്പോഴും കണ്ടെത്താനുണ്ട്. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം കാലം സമാധാനമുണ്ടാകില്ല. രൂപീകരിച്ച കാലം മുതല്‍ വര്‍ഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനയാണ് ആര്‍എസ്എസെന്നും ഖര്‍ഗെ പറഞ്ഞു.