ചേരാനല്ലൂരില്‍ ബെന്‍സ് കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചേരാനല്ലൂരില്‍ അമിത വേഗത്തിലെത്തിയ ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തില്‍ പ്രതിയായ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി പോലീസ്. നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇത് അനുസരിച്ച് പ്രതിക്ക് സ്റ്റേഷന് ജാമ്യം നല്‍കിയിരുന്നു. അഡീഷണല്‍ ജഡ്ജിയുടെ മകനാണ് പതിനേഴുകാരനായ പ്രതി. എന്നാല്‍, പ്രതിഷേധം ശക്തമായതോടെ നരഹത്യാ കുറ്റവും ജാമ്യമില്ലാ വകുപ്പുകളും കൂടി ചുമത്തി. ഇതോടെ പ്രതിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുക്കും.
ഞായറാഴ്ച ഉച്ചയോടെ സ്റ്റേഷന് ജാമ്യം നല്കി പ്രതിയെ വിട്ടയച്ച പോലീസ് നടപടി വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അതൃപ്തി അറിയിക്കുകയും കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പതിനേഴുകാരനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് ചേരാനല്ലൂരില്‍ വാഹനാപകടം നടന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണന് എന്ന സ്കൂട്ടര്‍ യാത്രികനാണ് ബെന്‍സ് കാറിടിച്ച് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു.