ഇറാന് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ പരസ്പരം ആക്രമിക്കരുത്; ആക്രമണവിരുദ്ധ കരാര്‍ രൂപീകരിക്കണം: ഒമാന്‍

ടെഹ്റാന്: സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും നയപരമായ പരിഹാരങ്ങള്‍ കാണുന്നതിനുമായി സൗദി അറേബ്യയും ഇറാനും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന് രാജകുമാരന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ടെഹ്റാനില്‍ കൂടിക്കാഴ്ച നടത്തി. മക്ക പ്രതിരോധ കരാര്‍ രാജ്യങ്ങളുടെയും ഇറാന് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തോടനുബന്ധിച്ചായിരുന്നു ഈ കൂടിക്കാഴ്ച.
ചര്‍ച്ചകള്‍ തുടരാന്‍ യോഗത്തില്‍ ധാരണയായതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സഹകരണത്തിനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇറാന് സന്നദ്ധമാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയന് വ്യക്തമാക്കി. മേഖലയില്‍ ഐക്യവും യോജിപ്പും ശക്തിപ്പെടുത്തുന്നതിന് സ്വാധീനമുള്ള ഇസ്ലാമിക രാജ്യങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യം സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കൂടിക്കാഴ്ചയില്‍ ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മൊഹ്സന്‍ റെസായിയും പങ്കെടുത്തു. ചര്‍ച്ചകള്‍ വളരെ അനുകൂലമായ അന്തരീക്ഷത്തിലാണ് നടന്നതെന്നും മേഖലയില്‍ പുതിയൊരു സാഹചര്യം രൂപപ്പെടുന്നുണ്ടെന്നും അദ്ദേഹം സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.
തിങ്കളാഴ്ച ടെഹ്റാനിലെത്തിയ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന്, തുര്‍ക്കിയുടെ ഇന്റലിജന്‍സ് മേധാവി ഇബ്രാഹിം കാളിന്, പാകിസ്ഥാന് കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷ്യല്‍ ആസിം മുനീര്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തി. മേഖലയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കാനും നയപരമായ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സന്ദര്‍ശനമെന്ന് സൗദി പബ്ലിക് ഡിപ്ലോമസി ഡെപ്യൂട്ടി മിനിസ്റ്റര്‍ ഡോ. റയീദ് ക്രിംലി വ്യക്തമാക്കി. ഖത്തറും പാകിസ്ഥാനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഈ സന്ദര്‍ശനം പിന്തുണയേകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.