എന്‍.എം.സി ഹെല്‍ത്ത് കെയര്‍ തട്ടിപ്പ്: ബി.ആര്. ഷെട്ടിയും പ്രശാന്ത് മംഗത്തും 540 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

ദുബൈ: യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ മൂന്നിലൊന്നിലധികം സ്ഥാപനങ്ങളും രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ കരാര്‍ അടിസ്ഥാനത്തിലോ താല്‍ക്കാലികമായോ ഉള്ള ജീവനക്കാരെ നിയമിക്കുന്നതായി പുതിയ പഠനം. പ്രമുഖ റിക്രൂട്ട്മെന്റ് സ്ഥാപനമായ ‘ഹെയ്സ്’ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. പ്രോജക്റ്റ് അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ക്ക് മേഖലയില്‍ വലിയ സ്വീകാര്യത ലഭിച്ചുവരികയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിയ ലിങ്ക്ഡ്ഇന്‍ പോളുകളില്‍ പങ്കെടുത്ത 38 ശതമാനം സ്ഥാപനങ്ങളും മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കരാര്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തുന്നതായി വ്യക്തമാക്കി. ആദ്യ പോളില്‍ പങ്കെടുത്ത 1,636 പേരില്‍ 26 ശതമാനം പേര് കരാര്‍ ജീവനക്കാരുടെ ഉപയോഗം മുന്‍പത്തെപ്പോലെ തന്നെയാണെന്ന് പ്രതികരിച്ചു. 21 ശതമാനം പേര് ഇത് കുറഞ്ഞുവെന്നും, 16 ശതമാനം പേര് തങ്ങളുടെ സ്ഥാപനം കരാര്‍ ജീവനക്കാരെ ഉപയോഗിക്കാറില്ലെന്നും വ്യക്തമാക്കി.
എന്തുകൊണ്ടാണ് കരാര്‍ ജീവനക്കാരെ നിയമിക്കുന്നത് എന്ന ചോദ്യത്തിന് 43 ശതമാനം പേരും നല്കിയ മറുപടി പ്രോജക്റ്റ് ആവശ്യകതകള്‍ കൈകാര്യം ചെയ്യാന്‍ എന്നായിരുന്നു. കൂടുതല്‍ തൊഴില്‍ ഇളവുകളും മറ്റും ലഭിക്കുന്നതിനാണ് 32 ശതമാനം കമ്പനികളും പ്രാധാന്യം നല്‍കിയത്. 15 ശതമാനം പേര് നിയമപരമായ ബാധ്യതകള്‍ കുറയ്ക്കുന്നതിനായും, 10 ശതമാനം പേര് തങ്ങള്‍ക്ക് അനുയോജ്യരായ വിദഗ്ധരെ കണ്ടെത്താനുമാണ് കരാര്‍ നിയമനങ്ങളെ ആശ്രയിക്കുന്നതെന്ന് വ്യക്തമാക്കി.
സ്ഥിര നിയമനങ്ങള്‍ക്ക് പകരം നിശ്ചിത പ്രോജക്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാണ് തൊഴിലുടമകള്‍ കരാര്‍ ജീവനക്കാരെ കൂടുതലായി ആശ്രയിക്കുന്നതെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ബിസിനസുകള്‍ക്ക് പ്രത്യേക പ്രോജക്റ്റുകള്‍ക്കായി പെട്ടെന്നും സൗകര്യപ്രദമായും വിദഗ്ധരുടെ സേവനം ഉറപ്പാക്കാന്‍ താല്‍ക്കാലിക പ്രൊഫഷണലുകള്‍ സഹായിക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.
സ്ഥിര ജീവനക്കാരും താല്‍ക്കാലിക വിദഗ്ധരും അടങ്ങുന്ന ‘ബ്ലെന്‍ഡഡ് വര്‍ക്ക്ഫോഴ്സ്’ രീതിയാണ് കമ്പനികള്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. ഇത് ബിസിനസുകള്‍ക്ക് കൂടുതല്‍ ചടുലതയും കാര്യക്ഷമതയും നല്‍കുന്നുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.