സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

മസ്കത്ത്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ടാങ്കറുകള്‍ മൈനുകളില്‍ തട്ടി പൊട്ടിത്തെറിച്ച് തീപിടിച്ചതായി ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡ്സ് അവകാശപ്പെട്ടു. അതേസമയം, ഒമാനിലെ ഖസബിന് സമീപം ഒരു ടാങ്കറിന് അജ്ഞാത വസ്തു പതിച്ചതായി ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അമേരിക്കയും ഇറാനും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണയിലേക്ക് അടുക്കുകയാണെന്ന് യുഎസ് പ്രതിനിധി ടോം ബാരക് വ്യക്തമാക്കിയതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. എന്നാല്‍ ഇറാന് മുന്നോട്ടുവെച്ച ഏഴ് നിബന്ധനകള്‍ അംഗീകരിക്കാതെ ധാരണയുണ്ടാകില്ലെന്ന് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി യുഎഇ സമയം എട്ടുമണിയോടെയാണ് ഒമാനിലെ ഖസബിന് സമീപം ടാങ്കറിന് നേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഒമാനിലെ മുസന്ദം തീരത്തുനിന്ന് ഏകദേശം 1.6 നോട്ടിക്കല്‍ മൈല്‍ അകലെ പനാമ പതാകയുള്ള വാണിജ്യക്കപ്പലിന് നേരെയും ആക്രമണമുണ്ടായി. കപ്പലിന് തീപിടിച്ചതിനെത്തുടര്‍ന്ന് ഒമാന്‍ റോയല്‍ നേവി 25 ജീവനക്കാരെയും ഒഴിപ്പിച്ചു. ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്ററിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ജീവനക്കാര്‍ക്ക് ആവശ്യമായ വൈദ്യസഹായവും ലഭ്യമാക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഹോര്‍മുസില്‍ രണ്ട് ടാങ്കറുകള്‍ തടഞ്ഞതായി ഇറാന് അവകാശപ്പെട്ടു. അനുവദനീയമല്ലാത്ത പാതയിലൂടെ കടക്കാന്‍ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകളെയാണ് തടഞ്ഞതെന്നാണ് ഇറാന് റെവല്യൂഷനറി ഗാര്‍ഡ്സ് പറയുന്നത്. കപ്പലുകള്‍ നാവിഗേഷന്‍, സ്ഥാനനിര്‍ണയ സംവിധാനങ്ങള്‍ ഓഫ് ചെയ്തിരുന്നുവെന്നും അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ കടലിടുക്ക് കടക്കാന്‍ ശ്രമിച്ചുവെന്നും ഇറാന് ആരോപിച്ചു. കപ്പലുകള്‍ക്ക് റേഡിയോ വഴി പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവ അവഗണിച്ചതായും ഇറാന് സൈന്യം പറഞ്ഞു. ഒമാന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്കന്‍ കപ്പല്‍പാത അനധികൃതമാണെന്നാണ് ഇറാന്റെ നിലപാട്. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ ഇറാന് നിര്‍ദേശിച്ച പാത ഉപയോഗിക്കുകയും യാത്രയ്ക്ക് മുമ്പ് ഇറാന് സൈന്യവുമായി ഏകോപനം നടത്തുകയും വേണമെന്നാണ് തെഹ്റാന്റെ ആവശ്യം.