സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

കുവൈറ്റ് സിറ്റി: തൊഴില്‍ കരാറുകളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ശമ്പളം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാന്‍ തൊഴിലുടമകള്‍ക്ക് നിയമപരമായി അധികാരമില്ലെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും തൊഴില്‍ നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെയും ഭാഗമായാണ് അധികൃതര്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.
തൊഴില്‍ കരാറില്‍ പരസ്പരം അംഗീകരിച്ച തുകയോ ശമ്പളമോ കരാറിന്റെ കാലാവധിയില്‍ ഒരിക്കലും കുറയ്ക്കാന്‍ പാടില്ല. തൊഴിലാളികള്‍ തൊഴിലുടമകളില്‍ നിന്ന് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ശമ്പളത്തില്‍ നിന്ന് തുക പിടിക്കുന്നതിന് കൃത്യമായ പരിധിയുണ്ട്. തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് വായ്പയ്ക്കായി പരമാവധി 10 ശതമാനം മാത്രമേ പിടിക്കാന്‍ പാടുള്ളൂ. മറ്റ് ബാധ്യതകള്‍ക്കോ കടങ്ങള്ക്കോ പരമാവധി 25 ശതമാനം വരെയും പരിധി നിശ്ചയിച്ചിട്ടുണ്ട്.
ഒന്നിലധികം കടങ്ങള്‍ ഉള്ള സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തുക വകയിരുത്തുമ്പോള്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 59 (ബി) പ്രകാരം ജീവനക്കാരുടെ കുടുംബത്തിനോ കുട്ടികള്‍ക്കോ നല്‍കേണ്ട ജീവനാംശത്തിനാണ് മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.