നെതന്യാഹുവിനെ മറികടന്ന് ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരണ ചുമതല നല്കി പ്രസിഡന്റ്

കൊച്ചി: നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2026-27 വര്‍ഷത്തേക്ക് വരുത്തിയ പ്രീമിയം വര്‍ദ്ധനവിനെതിരെ ലഭിച്ച പരാതി പരിഗണിച്ച് ആറാഴ്ചയ്ക്കകം അനുയോജ്യമായ തീരുമാനമെടുക്കാന്‍ കേരള ഹൈക്കോടതി നോര്‍ക്ക വകുപ്പിന് നിര്‍ദ്ദേശം നല്കി.
പ്രവാസി ലീഗല്‍ സെല്‍ ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് ടി.എന്‍. കൃഷ്ണകുമാര്‍, നിലവിലെ ഇന്‍ഷുറന്‍സ് ഗുണഭോക്താക്കളായ മുസ്തഫ തൊണ്ടിയില്‍, അബ്ദുള്‍ ഹക്കീം കെ.കെ എന്നിവര്‍ സംയുക്തമായി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. പരാതിക്കാരുടെയും ബാധിതരായ മറ്റ് കക്ഷികളുടെയും വാദം കേട്ട ശേഷം നിയമപരമായി ഉത്തരവിറക്കാനാണ് നോര്‍ക്ക വകുപ്പ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സര്‍ക്കാര്‍, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ, ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നിവരാണ് കേസില്‍ എതിര്‍കക്ഷികള്‍.
മുന്‍ വര്‍ഷങ്ങളില്‍ എല്ലാവര്ക്കും ഏകീകൃതമായ പ്രീമിയം നിരക്കായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍ 2026-27 വര്‍ഷത്തില്‍ പദ്ധതി പ്രായം അടിസ്ഥാനമാക്കിയുള്ള പ്രീമിയം ഘടനയിലേക്ക് മാറ്റിയതാണ് തുക കുത്തനെ ഉയരാന്‍ കാരണമായത്. 5 ലക്ഷം രൂപയുടെ കുടുംബ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് 2025-26 വര്‍ഷത്തില്‍ ആകെ 13,411 രൂപ മാത്രമായിരുന്നു വാര്‍ഷിക പ്രീമിയം. പുതിയ നിരക്ക് പ്രകാരം 51 മുതല്‍ 60 വയസ്സ് വരെയുള്ളവര്‍ക്ക് 35,664 രൂപയും (166% വര്‍ദ്ധനവ്), 61 മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ക്ക് 44,718 രൂപയുമായി (233% വര്‍ദ്ധനവ്) പ്രീമിയം ഉയര്‍ന്നു.
അടിസ്ഥാന ആനുകൂല്യ തുകയായ 5 ലക്ഷം രൂപയില്‍ മാറ്റമൊന്നുമില്ലാതെ തന്നെയാണ് പ്രീമിയം നിരക്കുകള്‍ ഇത്രയും വലിയ തോതില്‍ കൂട്ടിയിരിക്കുന്നത്. ഇത് സാധാരണക്കാരായ പ്രായമായ പ്രവാസികള്‍ക്ക് താങ്ങാനാകാത്ത സാമ്പത്തിക ഭാരമാണ് വരുത്തിവെക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.