സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനത്തില്‍ 2031ഓടെ ലോകത്ത് ഏറ്റവും മുന്നിലെത്തുന്ന രാജ്യമായി യുഎഇ മാറുമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ). അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പ്രതിശീര്‍ഷ സൗരവൈദ്യുതി ഉല്‍പ്പാദനം 4,000 കിലോവാട്ട് മണിക്കൂറിലധികമാകുമെന്നാണ് പ്രവചനം. ഐഇഎയുടെ 2026ലെ പുനരുപയോഗ ഊര്‍ജ റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍. മധ്യപൂര്‍വദേശത്തെ പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനശേഷി 2031ഓടെ മൂന്നിരട്ടിയായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഊര്‍ജ മേഖലയിലെ നിക്ഷേപവും സര്‍ക്കാര്‍ നയങ്ങളും സൗരോര്‍ജ, കാറ്റാടി ഊര്‍ജ പദ്ധതികളുടെ വര്‍ധനയും ഈ വളര്‍ച്ചയ്ക്ക് കരുത്തുപകരും.
പ്രതിശീര്‍ഷ സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ യുഎഇക്കു പിന്നില്‍ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും ഒമാന്‍ മൂന്നാം സ്ഥാനത്തും ബള്‍ഗേറിയ നാലാം സ്ഥാനത്തും ഖത്തര്‍ അഞ്ചാം സ്ഥാനത്തുമെത്തുമെന്നാണ് ഐഇഎയുടെ കണക്കുകൂട്ടല്‍. ഗ്രീസ്, ഓസ്ട്രിയ, സ്പെയിന്, ചൈന, ചിലി എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന മറ്റു രാജ്യങ്ങള്‍. 2031ഓടെ ഈ പത്ത് രാജ്യങ്ങളിലെയും പ്രതിശീര്‍ഷ സൗരവൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞത് 2,000 കിലോവാട്ട് മണിക്കൂറായിരിക്കുമെന്നാണ് വിലയിരുത്തല്‍. ആഗോള ശരാശരിയായ ഏകദേശം 800 കിലോവാട്ട് മണിക്കൂറിനേക്കാള്‍ ഏറെ കൂടുതലാണിത്.
സെപ്റ്റംബറില്‍ നടന്ന മിഡില്‍ ഈസ്റ്റ് എനര്‍ജി ഉച്ചകോടിയില്‍ ഊര്ജഅടിസ്ഥാനസൗകര്യ മന്ത്രി സുഹൈല്‍ അല്‍ മസ്റൂഇ, പുനരുപയോഗ ഊര്‍ജവും ആണവോര്‍ജവും ഉള്‍പ്പെടുന്ന ശുദ്ധ ഊര്‍ജത്തിന്റെ പങ്ക് 203031ഓടെ 35 ശതമാനമായി ഉയര്‍ത്തിയതായി അറിയിച്ചിരുന്നു. 2031ഓടെ പുനരുപയോഗ ഊര്‍ജ വികസനത്തില്‍ സൗദി അറേബ്യയുടെ ശേഷി അഞ്ചിരട്ടിയായി വര്‍ധിക്കുമെന്നാണ് പ്രവചനം. അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ സൗദിക്കു പിന്നാലെ യുഎഇയിലും വലിയ വികസനമുണ്ടാകും. മേഖലയുടെ ഊര്‍ജ വിപണിയില്‍ ഘടനാപരമായ മാറ്റത്തിന് ഇത് വഴിയൊരുക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.