നെതന്യാഹുവിനെ മറികടന്ന് ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരണ ചുമതല നല്കി പ്രസിഡന്റ്

ദുബൈ: തന്ത്രപ്രധാനമായ ക്രൂഡോയില്‍ ശേഖരത്തിനായി ഇന്ത്യയും യു.എ.ഇയും തമ്മില്‍ ധാരണയാകുന്നു. തങ്ങളുടെ അടിയന്തര എണ്ണശേഖരത്തിന്റെ ഒരു ഭാഗം യു.എ.ഇയിലെ ഫുജൈറയില്‍ സൂക്ഷിക്കാനുള്ള നിര്‍ദ്ദേശമാണ് ഇന്ത്യ പരിഗണിക്കുന്നത്.
2018 മേയില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ (അഡ്നോക്) രണ്ട് ദശലക്ഷം ബാരല്‍ ക്രൂഡോയിലുമായി ‘എം.ടി ഇന്സ്പിരേഷന്’ എന്ന കപ്പല്‍ മംഗലാപുരത്തെ ഭൂഗര്‍ഭ സംഭരണ കേന്ദ്രത്തിലെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന എണ്ണശേഖരണ പങ്കാളിത്തം ആരംഭിക്കുന്നത്. സ്വന്തം ചെലവില്‍ 5.86 ദശലക്ഷം ബാരല്‍ എണ്ണ ഇന്ത്യയില്‍ സൂക്ഷിക്കാന്‍ അഡ്നോക്കിന് അനുമതി നല്കിയ കരാറിലെ ആദ്യ ഘട്ടമായിരുന്നു അത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യയിലേക്ക് എണ്ണ എത്തിക്കുന്നതിന് പുറമെ യു.എ.ഇയില്‍ ഇന്ത്യയുടെ എണ്ണശേഖരം സൂക്ഷിക്കുന്ന തലത്തിലേക്ക് പങ്കാളിത്തം വളര്‍ന്നിരിക്കുകയാണ്.
പുതിയ ധാരണാപത്രം അനുസരിച്ച് ഇന്ത്യയില്‍ അഡ്നോക്കിന് സംഭരിക്കാനാകുന്ന ക്രൂഡോയിലിന്റെ അളവ് 30 ദശലക്ഷം ബാരല്‍ വരെയായി ഉയര്‍ത്താന്‍ കഴിയും. മംഗലാപുരത്തിന് പുറമെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള നിലവിലെ സംഭരണകേന്ദ്രത്തില്‍ പങ്കാളിയാകാനും ഒഡീഷയിലെ ചണ്ഡിഖോളില് പുതിയ പദ്ധതികള്‍ വികസിപ്പിക്കാനും അഡ്നോക്കിന് അവസരമൊരുങ്ങും. ക്രൂഡോയിലിന് പുറമെ എല്‍.എന്‍.ജി, എല്‍.പി.ജി സംഭരണശാലകള്‍ ഇന്ത്യയില്‍ വികസിപ്പിക്കുന്നതിനുള്ള സഹകരണവും ഈ കരാറില്‍ ഉള്‍പ്പെടുന്നു.
ഹോര്‍മൂസ് കടലിടുക്കിന് പുറത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് ഫുജൈറ തുറമുഖത്തിന്റെ പ്രത്യേകത. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ യുദ്ധമോ മറ്റ് തടസ്സങ്ങളോ ഉണ്ടായാലും ഹോര്‍മൂസ് കടലിടുക്ക് വഴി അല്ലാതെ തന്നെ ഫുജൈറയില്‍ നിന്ന് ഇന്ത്യയിലേക്ക് സുരക്ഷിതമായി എണ്ണ എത്തിക്കാന്‍ സാധിക്കും.