സൗദിയില്‍ ഒരാഴ്ചക്കിടെ 11,587 നിയമലംഘനങ്ങള്‍ കണ്ടെത്തി; 9,589 പേരെ നാടുകടത്തി

28 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം; നെതന്യാഹുവിന്റെ ദീര്‍ഘകാല ഭരണത്തിന് അന്ത്യമാകുമോ എന്ന് ഉറ്റുനോക്കി ലോകം
ജറുസലേം: ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍ സൈനിക മേധാവിയും യാഷര്‍ പാര്‍ട്ടി നേതാവുമായ ഗാദി ഐസന്‍കോട്ടിനെ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ചുമതലപ്പെടുത്തി. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ മറികടന്നാണ് പ്രതിപക്ഷ നേതാവായ ഐസന്‍കോട്ടിന് അവസരം നല്‍കിയത്. ശനിയാഴ്ച വൈകിട്ടാണ് പ്രസിഡന്റിന്റെ തീരുമാനം അറിയിച്ചത്. ഞായറാഴ്ച ഔദ്യോഗിക ചടങ്ങില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചുമതല കൈമാറും. ഒക്ടോബര്‍ 27ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ കൂടിയാലോചനകള്‍ക്കൊടുവിലാണ് പ്രസിഡന്റിന്റെ തീരുമാനം.
120 അംഗ പാര്‍ലമെന്റായ നെസറ്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുറഞ്ഞത് 61 അംഗങ്ങളുടെ പിന്തുണ വേണം. ഐസന്‍കോട്ടിന് 28 ദിവസമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ 14 ദിവസം കൂടി നീട്ടിനല്‍കും. ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 67 പാര്‍ലമെന്റ് അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ നെതന്യാഹുവിന് അനുകൂലമായി 46 പേരാണ് രംഗത്തെത്തിയത്. അറബ് പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളും ഐസന്‍കോട്ടിന് പിന്തുണ പ്രഖ്യാപിച്ചവരിലുണ്ട്. തെരഞ്ഞെടുപ്പില്‍ ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള നാല് പാര്‍ട്ടികളുടെ സഖ്യം 48 സീറ്റുകള്‍ നേടിയിരുന്നു. നെതന്യാഹുവിന്റെ വലതുപക്ഷമതപക്ഷ സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. ഇരുപക്ഷത്തിനും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകള്‍ നേടാനായില്ല. അതേസമയം, ഇസ്രായേലിലെ ഫലസ്തീന് വംശജരെ പ്രതിനിധീകരിക്കുന്ന അറബ് നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ ചരിത്രത്തിലാദ്യമായി 19 സീറ്റുകള്‍ നേടി.
എന്നാല്‍ അറബ് പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചാല്‍ 67 അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന സാധ്യത ഐസന്‍കോട്ടിന് മുന്നിലുണ്ടെങ്കിലും അവരുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പകരം, തീവ്ര ഓര്‍ത്തഡോക്സ് ജൂത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് തോറ ജൂഡായിസം, ഷാസ് എന്നീ പാര്‍ട്ടികളുടെ പിന്തുണ നേടാനാണ് നീക്കം. ഈ രണ്ട് പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചാല്‍ 61 അംഗങ്ങളുടെ ഭൂരിപക്ഷം ഉറപ്പാക്കാനാകും.