സൗദിക്ക് നേരെ മിസൈല്‍ ആക്രമണശ്രമം; അഞ്ചെണ്ണവും തകര്‍ത്തു

റിയാദ്: സൗദി അറേബ്യക്ക് നേരെ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ മിസൈല്‍ ആക്രമണശ്രമം വ്യോമപ്രതിരോധ സേന പരാജയപ്പെടുത്തി. റിയാദും രാജ്യത്തെ മറ്റു മേഖലകളും ലക്ഷ്യമിട്ട് വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂസ് മിസൈലുകളും ആകാശത്തുവെച്ച് തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യെമനിലെ ഹൂതി സായുധസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ട് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ആദ്യം പ്രതിരോധ സേന തകര്‍ത്തു. മണിക്കൂറുകള്‍ക്കുശേഷം റിയാദ് ലക്ഷ്യമിട്ട് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞു. തുടര്‍ന്ന് റിയാദ്, സൗദിയുടെ തെക്കന്‍ മേഖലകള്‍ എന്നിവ ലക്ഷ്യമിട്ടെത്തിയ രണ്ട് ക്രൂസ് മിസൈലുകളും വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. മിസൈല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൗദി സിവില്‍ ഡിഫന്‍സ് വിവിധ മേഖലകളില്‍ താമസക്കാര്‍ക്ക് അടിയന്തര മുന്നറിയിപ്പ് നല്കി. കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലാണ് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഏകദേശം ഒരു മണിക്കൂറിനുശേഷം അല്‍അഹ്സയിലും മണിക്കൂറുകള്‍ക്കുശേഷം ബുഖൈഖിലും ജാഗ്രതാ നിര്‍ദേശം നല്കി. പിന്നീട് റിയാദ്, നജ്റാന് മേഖലകളിലേക്കും മുന്നറിയിപ്പ് വ്യാപിപ്പിച്ചു. ഓരോ മുന്നറിയിപ്പിനും പിന്നാലെ അപകടഭീഷണി ഒഴിഞ്ഞതായി സിവില്‍ ഡിഫന്‍സ് അറിയിപ്പും നല്കി.