ഇന്തോ-അറബ് സാംസ്കാരിക പൈതൃകം പകര്‍ന്ന് ഐഐസി ‘ഇയര്‍ ഓഫ് ഫാമിലി’ ആഘോഷം ശ്രദ്ധേയം

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്റെ പുത്രി ശൈഖ ബുദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ പുതിയ പുസ്തകമായ ‘ദി കോണ്‍ഫറന്‍സ് ഓഫ് ദി ബേര്‍ഡ്സ്’ പ്രകാശനം ചെയ്തു. കലിമാത്ത് ഗ്രൂപ്പിന്റെ സ്ഥാപകയും സി.ഇ.ഒയുമായ ശൈഖ ബുദൂര്‍ പുസ്തകം പ്രകാശനം ചെയ്തശേഷം വായനക്കാര്‍ക്കായി കോപ്പികളില്‍ ഒപ്പിട്ടുനല്കി. ഷാര്‍ജ പുസ്തകോത്സവത്തില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്. രണ്ട് മണിക്കൂറിലേറെ നേരം പുസ്തകവുമായി ബന്ധപ്പെട്ട പരിപാടികള്‍ നീണ്ടുനിന്നു. പ്രശസ്ത പേര്‍ഷ്യന്‍ കവി ഫരീദുദ്ദീന്‍ അത്താറിന്റെ ഇതേ പേരിലുള്ള ക്ലാസിക് സാഹിത്യകൃതിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. എട്ട് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് അറബിയിലും ഇംഗ്ലീഷിലും കലിമാത്ത് പ്രസിദ്ധീകരിച്ച പുസ്തകം ആത്മാന്വേഷണം, ധൈര്യം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്ത്, കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്.
നൂഷിന്‍ സാദിഖിയാന്റെ ചിത്രീകരണങ്ങളും പുസ്തകത്തിന് പ്രത്യേകതയാണ്. വനങ്ങള്‍ അപ്രത്യക്ഷമാകുകയും മലിനീകരണം മൂലം ആകാശം പുകമഞ്ഞില്‍ മൂടുകയും ചെയ്യുന്ന സാങ്കല്‍പ്പിക പശ്ചാത്തലത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പ്രകൃതിയെ സംരക്ഷിക്കേണ്ട മനുഷ്യന്റെ ഉത്തരവാദിത്തവും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകളും പുസ്തകം ചര്‍ച്ച ചെയ്യുന്നു. നിഗൂഢതകള്‍ നിറഞ്ഞ വഖ് വഖ് മരച്ചുവട്ടില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പക്ഷികള്‍ ഒത്തുചേരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ജ്ഞാനിയായ ഒരു ഹൂപ്പോ പക്ഷിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് പക്ഷികള്‍ ഒത്തുകൂടുന്നത്. വനങ്ങള്‍ നശിക്കുകയും പുകമൂലം ആകാശം ഇരുണ്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തം ലോകത്തെ രക്ഷിക്കാനുള്ള മാര്‍ഗം തേടി അവ യാത്ര തിരിക്കുന്നു. ഹൂപ്പോ പക്ഷിയുടെ നേതൃത്വത്തില്‍ ഐതിഹാസികമായ സിമുര്‍ഗ് വസിക്കുന്ന ഖാഫ് പര്‍വതത്തിലേക്കാണ് യാത്ര. വഴിമധ്യേ ഏഴ് താഴ്വരകള്‍ താണ്ടുന്ന പക്ഷികള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു.
ഭയങ്ങളെ അതിജീവിക്കാനും പിന്നോട്ടുവലിക്കുന്ന ചിന്തകളെ ഉപേക്ഷിക്കാനും ഒരുമിച്ച് മുന്നേറാനുള്ള ധൈര്യം കണ്ടെത്താനും യാത്ര അവരെ പ്രാപ്തരാക്കുന്നു. മറ്റുള്ളവരില്‍നിന്ന് ഉത്തരങ്ങള്‍ തേടിയുള്ള യാത്ര ഒടുവില്‍ സ്വന്തം കഴിവുകള്‍ തിരിച്ചറിയാനുള്ള ആത്മാന്വേഷണമായി മാറുന്നു. സഹകരണം, ആത്മവിശ്വാസം, പങ്കുവെച്ച ഉത്തരവാദിത്തം എന്നിവയുടെ പ്രാധാന്യവും കഥയിലൂടെ വ്യക്തമാക്കുന്നു. ഫരീദുദ്ദീന്‍ അത്താറിന്റെ സാഹിത്യപാരമ്പര്യത്തില്നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹൂപ്പോ പക്ഷി, സിമുര്‍ഗ്, ഏഴ് താഴ്വരകള്‍ തുടങ്ങിയ മൂലകൃതിയിലെ പ്രധാന പ്രതീകങ്ങള്‍ക്ക് സമകാലിക പ്രസക്തിയോടെയാണ് പുതിയ പുസ്തകത്തില്‍ രൂപം നല്‍കിയിരിക്കുന്നത്. ഭാവനയും സാഹിത്യപൈതൃകവും പരിസ്ഥിതി വിഷയങ്ങളും സമന്വയിപ്പിക്കുന്ന പുസ്തകം പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ചും വ്യക്തികളുടെ തീരുമാനങ്ങളെക്കുറിച്ചും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ സൃഷ്ടിക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും കുട്ടികളെ ചിന്തിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.