ഹജ്ജ് തയാറെടുപ്പുകള്‍ സജീവമാക്കി സൗദി അറേബ്യ: കോണ്‍ഫറന്‍സിന് തുടക്കം

ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടനത്തിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ, തയ്യാറെടുപ്പുകള്‍ സജീവമാക്കി സൗദി അറേബ്യ. അടുത്ത വര്‍ഷത്തെ തീര്‍ത്ഥാടന സീസണിനായുള്ള നയതന്ത്ര പങ്കാളിത്തങ്ങളും ലോജിസ്റ്റിക്സുകളും രൂപപ്പെടുത്തുന്നതിനായി 150 രാജ്യങ്ങളില്‍ നിന്നുള്ള 520-ലധികം സംഘടനകളുടെ പ്രതിനിധികളാണ് ആറാമത് ഹജ്ജ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്സിബിഷനില്‍ പങ്കെടുക്കാനായി എത്തിയത്. ജിദ്ദ സൂപ്പര്‍ഡോമില്‍ നവംബര്‍ 8 മുതല്‍ 11 വരെ ‘മക്കയില്‍ നിന്ന് ലോകത്തേക്ക്’എന്ന പ്രമേയത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക സംഗമങ്ങളില്‍ ഒന്നാണിത്.
ഹജ്ജിന് മുന്നോടിയായുള്ള ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും പ്രധാന വേദിയായി സംഗമം മാറിയിട്ടുണ്ടെന്ന് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയും ഔദ്യോഗിക വക്താവുമായ ഗസ്സന്‍ അല്‍-നുവൈമി കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് പതിപ്പുകളിലായി തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനായി 1,850-ലധികം കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും, 310-ലധികം സെഷനുകളും 250 വര്‍ക്ക്ഷോപ്പുകളും നടന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ 570,000-ത്തിലധികം സന്ദര്‍ശകരെയും ഈ മേള ആകര്‍ഷിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ എക്സിബിഷന് 67,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഗതാഗതം, താമസം, ആരോഗ്യം, സാങ്കേതികവിദ്യ, പരിശീലനം തുടങ്ങി തീര്‍ത്ഥാടകരുടെ യാത്രയുടെ ഓരോ ഘട്ടത്തിലും പങ്കാളികളാകുന്ന എല്ലാ വിഭാഗം ആളുകളും ഈ സംഗമത്തില്‍ അണിനിരക്കുന്നുണ്ട്.
കോണ്‍ഫറന്‍സിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്നത് കൂടിക്കാഴ്ചകളെ കരാറുകളാക്കി മാറ്റുക, ചര്‍ച്ചകളെ കര്മ്മപദ്ധതികളാക്കി മാറ്റുക, ആശയങ്ങളെ തീര്‍ത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്ന പ്രായോഗിക പദ്ധതികളാക്കി മാറ്റുക എന്നിവയാണെന്നും ഗസ്സന്‍ അല്‍-നുവൈമി കൂട്ടിച്ചേര്‍ത്തു.