ഇന്തോ-അറബ് സാംസ്കാരിക പൈതൃകം പകര്‍ന്ന് ഐഐസി ‘ഇയര്‍ ഓഫ് ഫാമിലി’ ആഘോഷം ശ്രദ്ധേയം

അബുദാബി: ജീവനക്കാര്‍ക്കായി കമ്പനികള്‍ വഹിക്കുന്ന ആറ് വിഭാഗങ്ങളിലുള്ള ചെലവുകള്‍ക്ക് അടച്ച മൂല്യവര്‍ധിത നികുതി (വാറ്റ്) തിരികെ ക്ലെയിം ചെയ്യാന്‍ യുഎഇയില്‍ പുതിയ വ്യവസ്ഥ. ഗതാഗതം, ഭക്ഷണം, ജോലിയുമായി ബന്ധപ്പെട്ട താമസം, പുതുതായി നിയമിക്കുന്ന ജീവനക്കാര്‍ക്കുള്ള താല്‍ക്കാലിക താമസം, മൊബൈല്‍ ഫോണ്‍ഇന്റര്‍നെറ്റ് സേവനങ്ങള്‍, പാര്‍ക്കിങ് എന്നിവയ്ക്കാണ് നികുതി ഇളവ് ലഭിക്കുക. ഫെഡറല്‍ ടാക്സ് അതോറിറ്റി (FTA) 2026ലെ തീരുമാനം നമ്പര്‍ 17 വഴിയാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ജീവനക്കാരുടെ വ്യക്തിപരമായ ആനുകൂല്യങ്ങളായല്ല, മറിച്ച് ബിസിനസ് ആവശ്യങ്ങള്‍ക്കായി നടത്തുന്ന ചെലവുകളാണെന്ന് തെളിയിക്കുന്ന കമ്പനികള്‍ക്കാണ് വാറ്റ് തിരിച്ചുപിടിക്കാന്‍ കഴിയുക. ചെലവിന്റെ മുഴുവന്‍ തുകയും തിരികെ ലഭിക്കില്ല. അതില്‍ ഉള്‍പ്പെട്ട വാറ്റ് തുക മാത്രമാണ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റായി ക്ലെയിം ചെയ്യാനാവുക. ഉദാഹരണത്തിന്, 105 ദിര്‍ഹം ചെലവില്‍ അഞ്ച് ദിര്‍ഹം വാറ്റ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിബന്ധനകള്‍ പാലിക്കുന്ന സാഹചര്യത്തില്‍ അഞ്ച് ദിര്‍ഹം മാത്രമേ തിരികെ ലഭിക്കൂ.
1. ജീവനക്കാരുടെ യാത്രാച്ചെലവ്-ജീവനക്കാരുടെ താമസസ്ഥലത്തുനിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര, ഉപഭോക്താക്കളുടെ ഓഫീസുകളിലേക്കുള്ള യാത്ര, ഔദ്യോഗിക ജോലികളുമായി നേരിട്ട് ബന്ധപ്പെട്ട മറ്റു യാത്രകള്‍ എന്നിവയ്ക്കുള്ള ഗതാഗതച്ചെലവിന്റെ വാറ്റ് തിരിച്ചുപിടിക്കാം. എന്നാല്‍ യാത്രാസൗകര്യം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. കമ്പനി നല്കുന്ന യാത്രാസൗകര്യത്തിന് പകരം ജീവനക്കാര്‍ക്ക് പണമായി അലവന്‍സ് നല്‍കാനുള്ള അവസരവും ഉണ്ടായിരിക്കരുത്.
2. ഭക്ഷണവും പാനീയങ്ങളും-വിദൂര പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള സൗകര്യമില്ലാത്ത സാഹചര്യത്തില്‍ കമ്പനികള്‍ നല്കുന്ന ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും അടച്ച വാറ്റ് ക്ലെയിം ചെയ്യാം. താമസസ്ഥലത്തോ ജോലിസ്ഥലത്തോ ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യമില്ലാതിരിക്കുകയും സമീപത്ത് ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളോ മറ്റു സംവിധാനങ്ങളോ ഇല്ലാതിരിക്കുകയും വേണം. ജോലിയുടെ സ്വഭാവം ആവശ്യപ്പെടുന്ന താമസതൊഴില്‍ കാലയളവുമായി ഭക്ഷണവിതരണം നേരിട്ട് ബന്ധപ്പെട്ടിരിക്കണം. ഭക്ഷണത്തിന് പകരം പണമായി അലവന്‍സ് നല്‍കാനും പാടില്ല.
3. ജോലിയുമായി ബന്ധപ്പെട്ട താമസസൗകര്യം-തൊഴിലിന്റെ പ്രവര്‍ത്തനപരമായ ആവശ്യങ്ങള്‍ക്കായി ജീവനക്കാര്‍ക്ക് താമസസൗകര്യം ഒരുക്കുന്ന കമ്പനികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി വാറ്റ് തിരിച്ചുപിടിക്കാം. ജീവനക്കാരുടെ സ്ഥിരമായ ശമ്പളത്തിന്റെ ഭാഗമായോ തൊഴില്‍ ആനുകൂല്യമായോ താമസസൗകര്യം നല്‍കുന്നതാകരുത്. ജോലി സ്ഥലത്തിനോ പ്രോജക്ട് മേഖലയ്ക്കോ ഉപഭോക്താവിന്റെ സ്ഥാപനത്തിനോ സമീപം താമസിക്കേണ്ടത് ജോലിയുടെ സ്വഭാവം മൂലം അനിവാര്യമായിരിക്കണം. താമസസൗകര്യം ബന്ധപ്പെട്ട ജീവനക്കാരന് മാത്രമായിരിക്കണം. കുടുംബാംഗങ്ങള്‍ക്കോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്ന താമസസൗകര്യത്തിന് ഈ ആനുകൂല്യം ലഭിക്കില്ല.
4. പുതുതായി നിയമിക്കുന്ന ജീവനക്കാര്‍ക്കുള്ള താല്‍ക്കാലിക താമസം-പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് പരമാവധി 30 ദിവസം വരെ നല്കുന്ന താല്‍ക്കാലിക താമസസൗകര്യത്തിനുള്ള വാറ്റും കമ്പനികള്‍ക്ക് തിരിച്ചുപിടിക്കാം. താമസസൗകര്യം ജോലിയുടെ ആവശ്യത്തിനും ജീവനക്കാരന്റെ അടിസ്ഥാന ജീവിതസാഹചര്യങ്ങള്‍ക്കും അനുയോജ്യമായിരിക്കണം.
5. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ചെലവുകള്‍-ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജീവനക്കാര്‍ക്ക് നല്കുന്ന മൊബൈല്‍ ഫോണ്‍, ഫോണ്‍ കോളുകള്‍, ഡാറ്റ പാക്കേജുകള്‍, റൂട്ടര്‍ വഴി വീട്ടില്‍ ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവയുടെ വാറ്റും തിരിച്ചുപിടിക്കാം. വീട്ടിലിരുന്നുള്ള ജോലി, സാധാരണ പ്രവൃത്തി സമയത്തിന് പുറത്തുള്ള ഔദ്യോഗിക ആശയവിനിമയം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.
6. പാര്‍ക്കിങ് ചെലവുകള്‍-ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജീവനക്കാര്‍ ഉപയോഗിക്കുന്ന പാര്‍ക്കിങ്ങിന്റെ ചെലവ് കമ്പനി വഹിക്കുന്ന സാഹചര്യത്തില്‍ അതിനുള്ള വാറ്റും ക്ലെയിം ചെയ്യാം.
ഔദ്യോഗിക സന്ദര്‍ശനങ്ങള്‍, ബിസിനസ് മീറ്റിങ്ങുകള്‍ തുടങ്ങിയ ജോലികളുമായി പാര്‍ക്കിങ് നേരിട്ട് ബന്ധപ്പെട്ടിരിക്കണം. പാര്‍ക്കിങ് നടത്തിയ തീയതി, സമയം, അടച്ച തുക, വാറ്റ് എന്നിവ വ്യക്തമാക്കുന്ന രസീതുകളും സൂക്ഷിക്കണം. ആറ് വിഭാഗങ്ങളിലെയും ചെലവുകള്‍ക്ക് വാറ്റ് തിരിച്ചുപിടിക്കാന്‍ കമ്പനികള്‍ ചില പൊതുവായ വ്യവസ്ഥകള്‍ പാലിക്കണം.