കമാല്‍ വരദൂരിന്റെ പുസ്തകം ‘അമേരിക്കന്‍ ബോള്‍പെന്‍’ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

കലിഫോര്‍ണിയ: ചൈനീസ് ചാരവനിതയെന്നു സംശയിക്കുന്ന ബിസിനസ് എക്സിക്യൂട്ടിവുമായി തനിക്കു പ്രണയബന്ധമുണ്ടായിരുന്നുവെന്ന് എന്‍വിഡിയ മേധാവി ജെന്സന് ഹുവാങ്ങിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം. എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് അദ്ദേഹത്തിനെതിരെ സ്വതന്ത്ര അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികളില്‍ ഒന്നായ എന്‍വിഡിയയുടെ മേധാവി ജെന്സന് ഹുവാങ്, ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് കുറ്റസമ്മതം നടത്തിയത്.
സിംഗപ്പുര്‍ ആസ്ഥാനമായുള്ള ഡേറ്റാ സെന്റര്‍ കമ്പനിയായ മെഗാസ്പീഡിന്റെ ഉന്നത ഉദ്യോഗസ്ഥയും ചൈനീസ് പൗരയുമായ ആലിസ് ഹുവാങ് എന്ന വനിതയുമായാണ് ജെന്സന് ഹുവാങ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത്. ഇവര്‍ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ ഭാഗമാണെന്നാണ് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. ഹുവാങ്ങുമായി അടുത്ത ബന്ധം സ്ഥാപിച്ച് എന്‍വിഡിയയുടെ അത്യാധുനിക എഐ ചിപ്പുകളും സുപ്രധാന രഹസ്യ വിവരങ്ങളും ഇവര്‍ ചൈനയ്ക്കു ചോര്‍ത്തി നല്‍കിയതായി ഒക്ടോബര്‍ 29 ന് ‘ദ് ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാദം കൊടുമ്പിരികൊള്ളുന്നതിനിടെ കമ്പനി ജീവനക്കാര്‍ക്കായി അയച്ച സന്ദേശത്തിലാണു താന്‍ ചെയ്ത തെറ്റിനു കുടുംബത്തോടും ജീവനക്കാരോടും നിരുപാധികം മാപ്പ് പറയുന്നതായും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഹുവാങ് വ്യക്തമാക്കിയത്.
അതേസമയം, സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് കമ്പനിയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നും പരസ്യ പ്രതികരണത്തിനില്ലെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയത്. എന്നാല്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.