കമാല്‍ വരദൂരിന്റെ പുസ്തകം ‘അമേരിക്കന്‍ ബോള്‍പെന്‍’ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടയില്‍, ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു. വൈറ്റ് ഹൗസ് ഷെഡ്യൂള്‍ പ്രകാരം തിങ്കളാഴ്ചയാണ് അടച്ചിട്ട മുറിയില്‍ ഈ നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നത്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഖത്തരി നേതാവുമായി ചര്‍ച്ച നടത്തുമെന്ന് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചിട്ടുണ്ട്.
വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ ഖത്തര്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇറാനുമായുള്ള ആണവ പദ്ധതിയിലും സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ കൈമാറുന്നതിനും ഖത്തര്‍ സജീവമായ ഇടപെടലുകളാണ് നടത്തുന്നത്.
ഇറാനുമായുള്ള ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും ഉടന്‍തന്നെ വലിയ വഴിത്തിരിവുകളൊന്നും താന്‍ കാണുന്നില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ടംപ് നയതന്ത്രപരമായ പരിഹാരത്തിനാണ് മുന്‍ഗണന നല്കുന്നതെങ്കിലും, ഇറാന്റെ ആവശ്യങ്ങള്‍ ‘അംഗീകരിക്കാനാവാത്തതും’ ചില സന്ദര്‍ഭങ്ങളില്‍ ‘അസംബന്ധവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമാണ്’ എന്ന് റൂബിയോ വിശേഷിപ്പിച്ചു.
ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുകയും ശക്തമായൊരു കരാറിലെത്തുകയും ചെയ്താല്‍ ഇറാനുമേല്‍ പുതിയ സൈനികാക്രമണങ്ങള്‍ക്ക് ഉത്തരവിടാന്‍ സാധ്യത വളരെ കുറവാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച വ്യക്തമാക്കി.