കമാല്‍ വരദൂരിന്റെ പുസ്തകം ‘അമേരിക്കന്‍ ബോള്‍പെന്‍’ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: അനുവാദമില്ലാതെ അഞ്ച് വയസ്സുകാരിയുടെ വീഡിയോ സ്നാപ്ചാറ്റില്‍ പങ്കുവെച്ച യുവതിക്ക് തടവും നാടുകടത്തലും ശിക്ഷ. കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതമില്ലാതെ കുടുംബസംഗമത്തിനിടയിലെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറ്റത്തിനാണ് ദുബൈ കോടതി ഒരു മാസം തടവും തുടര്‍ന്ന് യു.എ.ഇയില്‍ നിന്ന് നാടുകടത്തലും വിധിച്ചത്. കുട്ടികളുടെ സ്വകാര്യതയും മാനസികാരോഗ്യവും ഹനിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഗൗരവമേറിയ നിയമലംഘനമാണെന്ന് കോടതി വ്യക്തമാക്കി.
കുടുംബസംഗമത്തിനിടയിലാണ് സംഭവം നടക്കുന്നത്. അഞ്ച് വയസ്സുള്ള പെണ്‍കുട്ടി ഭക്ഷണത്തെക്കുറിച്ചുള്ള തമാശ പറയുകയും അതിന്റെ പേര് മാറി ഉച്ചരിക്കുകയും ചെയ്തപ്പോള്‍ ചുറ്റുമുള്ളവര്‍ ചിരിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്ന ദൃശ്യങ്ങള്‍. ഈ രംഗം ബന്ധുവായ യുവതി തന്റെ മൊബൈലില്‍ ചിത്രീകരിക്കുകയും തുടര്‍ന്ന് തന്റെ സ്നാപ്ചാറ്റ് അക്കൗണ്ടിലൂടെ പങ്കുവെക്കുകയുമായിരുന്നു. വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ പതിനായിരത്തിലധികം പേര് കാണുകയും മറ്റ് സമൂഹമാധ്യമങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
കുട്ടിയുടെ പിതാവാണ് ഈ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരാതിയുമായി രംഗത്തെത്തിയത്. തന്റെ മകളുടെ അനുവാദമോ മാതാപിതാക്കളുടെ സമ്മതമോ ഇല്ലാതെ ചിത്രം പരസ്യപ്പെടുത്തിയത് കുട്ടിയുടെ സ്വകാര്യതയെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് അദ്ദേഹം അധികാരികളെ സമീപിക്കുകയായിരുന്നു.
വിചാരണയ്ക്കിടയില്‍ വീഡിയോ ചിത്രീകരിച്ചതും പ്രസിദ്ധീകരിച്ചതും യുവതി സമ്മതിച്ചെങ്കിലും കുട്ടിയെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചല്ല ഇത് ചെയ്തതെന്ന് വാദിച്ചു. എന്നാല്‍ പോലീസ് റിപ്പോര്‍ട്ടുകള്‍, തെളിവുകള്‍, പ്രതിയുടെ കുറ്റസമ്മതം എന്നിവയുടെ അടിസ്ഥാനത്തില്‍ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ ആവശ്യമായ അനുമതിയില്ലാതെ പങ്കുവെക്കുന്നത് ദോഷകരമായ ഉദ്ദേശ്യങ്ങള്‍ ഇല്ലെങ്കില്‍പോലും കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി.