ഇന്തോ-അറബ് സാംസ്കാരിക പൈതൃകം പകര്‍ന്ന് ഐഐസി ‘ഇയര്‍ ഓഫ് ഫാമിലി’ ആഘോഷം ശ്രദ്ധേയം

അബുദാബി: കുടുംബബന്ധങ്ങളുടെ ദൃഢീകരണം, സാമൂഹിക ഐക്യം, പരസ്പര സഹകരണം, പൊതുസുരക്ഷ എന്നിവ ലക്ഷ്യമിട്ട് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും അബുദാബി പോലീസും സംയുക്തമായി സംഘടിപ്പിച്ച ‘ഇയര്‍ ഓഫ് ഫാമിലി’ ആഘോഷം ശ്രദ്ധേയമായി. കുടുംബമൂല്യങ്ങളുടെ പ്രാധാന്യം സമൂഹത്തിന് പകര്ന്നുനല്കുന്നതിനൊപ്പം പോലീസ് സേവനങ്ങളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനുള്ള വേദിയായി മാറി. സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങള്‍ക്കായി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ സാമൂഹിക പ്രതിബദ്ധതയും ജനകീയ ഇടപെടലുകളും വിളിച്ചോതുന്നതായിരുന്നു ആഘോഷം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹവര്‍ത്തിത്വവും വളര്‍ത്തുന്നതിനും പ്രവാസി കുടുംബങ്ങള്‍ക്ക് ഒത്തുചേരാനുള്ള അവസരമൊരുക്കുന്നതിനും സെന്റര്‍ വഹിക്കുന്ന പങ്ക് പരിപാടിയിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു.
ചൈല്‍ഡ് പോലീസ്, ഹാപ്പിനസ് പോലീസ്, കെ9 പോലീസ്, ട്രാഫിക് പോലീസ്, കമ്മ്യൂണിറ്റി പോലീസ് തുടങ്ങിയ വിഭാഗങ്ങളുടെ സേവനങ്ങളെക്കുറിച്ച് അതത് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും റോഡ് സുരക്ഷയുടെ പ്രാധാന്യവും വ്യക്തമാക്കുന്ന പ്രത്യേക ക്ലാസുകളും അവതരണങ്ങളും നടന്നു. കുടുംബമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും പൊതുസുരക്ഷയില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇത്തരം പരിപാടികള്‍ ഏറെ പ്രയോജനകരമാണെന്ന് അബുദാബി പോലീസ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങ് കമ്മ്യൂണിറ്റി പോലീസ് ഡിപ്പാര്ട്മന്റ്റ് ഡയറക്ടര്‍ കേണല്‍ സൈഫ് അലി അല്‍ ജാബിരി ഉദ്ഘാടനം ചെയ്തു. വിവിധ പോലീസ് വകുപ്പുകള്‍ക്കും മുഖ്യ സംഘാടകരായ അബുദാബി ഇന്ത്യന്‍ ഇസ്ലമിക് സെന്ററിനും പ്രയോജകരായ അല്‍ സാബി ഗ്രൂപ്പിനുമുള്ള മെഡലുകള്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അതീഖ് അല്‍ ഹസ്സനി സമ്മാനിച്ചു.
ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ചന്ദന്‍, സെന്റര്‍ പ്രസിഡന്റ് അബ്ദുറഊഫ് അഹ്സനി, ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ അബ്ദുല്‍ അസീസ് കാലിയാടന്‍, യു. അബ്ദുള്ള ഫാറൂഖി, വി. പി. കെ. അബ്ദുള്ള, അബ്ദുള്ള നദ്വി, ആരിഫ് അല്‍ അമൂദി അല്‍ സാബി ഗ്രൂപ്പ്, അബ്ദുറഹ്മാന് ഹാജി ബനിയാസ് സ്പൈക്ക്, അബൂബക്കര്‍ കുറ്റിക്കോല്‍, അബ്ദുല്‍ ബാസിത്ത് കായക്കണ്ടി, അബ്ദുറഹ്മാന് പൂവല്, മുസ്തഫ വാഫി തുടങ്ങിയവരും പോലീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും സംസാരിച്ചു. ഇന്തോ-അറബ് കലാസാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വൈകുന്നേരം ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പരിസരത്തുനിന്ന് പോലീസ് ബാന്‍ഡ്, വിവിധ കലാപ്രകടനങ്ങള്‍, കുടുംബങ്ങളുടെ പങ്കാളിത്തം എന്നിവയോടെ ആരംഭിച്ച റോഡ് ഷോ പരിപാടിയുടെ പ്രധാന ആകര്‍ഷണമായി. രാത്രി പത്തുമണിയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി. നിരവധി കുടുംബങ്ങളും കുട്ടികളുമടക്കം വലിയ ജനപങ്കാളിത്തമാണ് പരിപാടിയില്‍ എത്തിച്ചേര്‍ന്നത് .
