20 കോടി പൂക്കളുമായി ദുബൈ മിറക്കിള്‍ ഗാര്ഡന് തുറന്നു; 15ാം സീസണിന് തുടക്കം

ദുബൈ: വര്‍ണവിസ്മയം തീര്‍ത്ത് ദുബൈ മിറക്കിള്‍ ഗാര്ഡന് 15ാം സീസണിലേക്ക് തുറന്നു. 20 കോടിയിലധികം പൂക്കളുമായി സന്ദര്‍ശകരെ വരവേല്‍ക്കുന്ന പൂന്തോട്ടം 2027 മേയ് 31 വരെ പ്രവര്‍ത്തിക്കും. ’15 വര്‍ഷം, ഒരുമിച്ച് പൂത്തുലഞ്ഞ്’ (Fifteen Years, Blooming Together) എന്നതാണ് ഈ സീസണിന്റെ പ്രമേയം. 72,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടത്തില്‍ 150ലധികം ഇനം പൂക്കളാണുള്ളത്. പൂക്കള്‍കൊണ്ട് ഒരുക്കിയ മനോഹരമായ ശില്പങ്ങളും വിവിധ രൂപകല്‍പ്പനകളും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളില്‍ ഇടം നേടിയ ആകര്‍ഷണങ്ങളും സന്ദര്‍ശകര്‍ക്ക് കാണാം.
ഓരോ ആഴ്ചയും പുതിയ പരിപാടികള്‍
ഓരോ ആഴ്ചയും വ്യത്യസ്ത പ്രമേയത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. യുഎഇയുടെ ദേശീയസാംസ്കാരിക കലണ്ടറുമായി ബന്ധപ്പെടുത്തിയുള്ള ആഘോഷങ്ങളും വിനോദപരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. പിങ്ക് ഒക്ടോബര്‍, ഐക്യരാഷ്ട്ര ദിനം, യുഎഇ പതാകദിനം, ദീപാവലി എന്നിവയോടനുബന്ധിച്ചുള്ള പരിപാടികള്‍ ആദ്യ മാസങ്ങളില്‍ അരങ്ങേറും. സംഗീതപരിപാടികളും കുടുംബങ്ങള്‍ക്കായുള്ള വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.
ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി വ്യായാമ പരിപാടികളും സംഘടിപ്പിക്കും. യുഎഇ സ്മരണാദിനം, ഈദ് അല്‍ ഇത്തിഹാദ് എന്നിവയോടനുബന്ധിച്ചും പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മിറാക്കിള്‍ ഗ്രൂപ്പ് ചെയര്മാന് ശൈഖ് തിയാബ് ബിന്‍ തഹ്നൂന് പുതിയ സീസണ് ഉദ്ഘാടനം ചെയ്തു. 15 സീസണുകളിലായി ദുബൈക്കും ഇവിടത്തെ ജനങ്ങള്‍ക്കുമൊപ്പം മിറക്കിള്‍ ഗാര്‍ഡനും വളര്‍ന്നുവെന്നും വര്‍ഷംതോറും തിരിച്ചെത്തുന്ന കുടുംബങ്ങളും താമസക്കാരുമാണ് ഈ യാത്രയുടെ പ്രധാന ശക്തിയെന്നും അദ്ദേഹം പറഞ്ഞു. 2013ല്‍ പ്രവര്‍ത്തനം ആരംഭിച്ച മിറക്കിള്‍ ഗാര്ഡന് ഇതിനകം ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചിട്ടുണ്ട്. ദുബൈയിലെ ശൈത്യകാല വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി ഇത് മാറി.
പ്രമുഖ ആകര്ഷണങ്ങള്
500,000ത്തിലധികം പൂക്കളും ചെടികളും ഉപയോഗിച്ച് ഒരുക്കിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ എമിറേറ്റ്സ് എ380 വിമാനത്തിന്റെ പുഷ്പരൂപം ഇത്തവണയും പ്രധാന ആകര്‍ഷണമാണ്. സ്മര്‍ഫ്സ് വില്ലേജും ഫ്ലോട്ടിങ് ലേഡി ശില്പവും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കുട്ടികള്‍ക്കായി മിനിയേച്ചര്‍ ട്രെയിനും ബമ്പര്‍ കാറുകളുമുള്ള പ്രത്യേക മേഖലയും അവതരിപ്പിച്ചിരുന്നു. മിറക്കിള്‍ ഗാര്ഡന് എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെ തുറന്നിരിക്കും. 3 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 80 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 100 ദിര്‍ഹം നല്‍കണം. മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.