സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി

പാരിസ്: ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ റഫ്രിജറേറ്ററുകള്‍ ലക്ഷ്യമിട്ട് നടത്തിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ആരോപിച്ചു. സംഭവത്തില്‍ ടെഹ്റാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാറൊ വ്യക്തമാക്കി. ഫ്രഞ്ച് ദേശീയ താല്‍പ്പര്യങ്ങള്‍ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും എതിരായ കടന്നുകയറ്റമാണിത്. സംഭവത്തില്‍ ഇറാന് അംബാസഡറെ വിളിച്ചുവരുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രഞ്ച് ആരോപണങ്ങളോട് ഇറാനില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലുണ്ടായ സൈബര്‍ ആക്രമണത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകളിലേക്കും ഫ്രീസറുകളിലേക്കും ഹാക്കര്‍മാര്‍ കടന്നുകയറുകയും താപനില ക്രമാതീതമായി ഉയര്‍ത്തുകയുമായിരുന്നു. ഫ്രീസറുകളിലെ സോഫ്റ്റ് വെയറുകളുടെ നിയന്ത്രണം ഇവര്‍ കൈക്കലാക്കുകയായിരുന്നു. ഇത് വലിയ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ നശിക്കുന്നതിനും ഉപകരണങ്ങളില്‍ തീപിടിക്കുന്നതിനും കാരണമായി.
ഏകദേശം 700-ലധികം വില്‍പ്പന കേന്ദ്രങ്ങളെയാണ് ഈ ആക്രമണം ബാധിച്ചത്. ഫ്രാന്‍സിലെ സംഭവത്തിന് സമാനമായ സൈബര്‍ ആക്രമണം ഈ മാസം സ്വീഡന്, ബെല്‍ജിയം, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും നടന്നിരുന്നു.