രണ്ട് വര്‍ഷത്തെ യുഎഇ ബജറ്റ് 292 ബില്യണ്‍ ദിര്‍ഹം; 8.3 ശതമാനം വളര്‍ച്ച: അംഗീകാരം നല്കി വൈസ് പ്രസിഡന്റ്

ലൈസന്‍സുള്ള ഏജന്‍സികള്‍ക്ക് മാത്രം റിക്രൂട്ട്മെന്റ് നടത്താം; തൊഴിലാളികളില്‍നിന്ന് ഫീസ് ഈടാക്കുന്നതിനും വിലക്ക്
മസ്കത്ത്: വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ഒമാനില്‍ പുതിയ ചട്ടങ്ങള്‍ വരുന്നു. തൊഴില്‍ മന്ത്രി ഡോ. മഹാദ് ബിന്‍ സഈദ് ബിന്‍ അലി ബവൈന് ഞായറാഴ്ച പുറപ്പെടുവിച്ച മന്ത്രിതല തീരുമാനപ്രകാരം 2027 ജനുവരി ഒന്നു മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം ശക്തമാക്കുക, സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകളില്‍ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യങ്ങളെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
റിക്രൂട്ട്മെന്റ് മേഖലയെ കൂടുതല്‍ പ്രൊഫഷണലാക്കുന്നതിനും ലൈസന്‍സുള്ള ഏജന്‍സികളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും ക്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും പുതിയ ചട്ടങ്ങള്‍ സഹായിക്കുമെന്ന് തൊഴില്‍ മന്ത്രിയുടെ തൊഴില്‍ ക്ഷേമ ഉപദേഷ്ടാവ് ഡോ. സൈഫ് ബിന്‍ മുഹമ്മദ് അല്‍ ബുസൈദി പറഞ്ഞു. മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഓഫീസുകള്‍ക്ക് മാത്രമായിരിക്കും റിക്രൂട്ട്മെന്റ് നടത്താന്‍ അനുമതി. ഇതിനായി ഏകീകൃത കരാറുകളും ഫോമുകളും നിര്‍ബന്ധമാക്കും. ലൈസന്‍സുള്ള സ്ഥാപനങ്ങളുടെ രജിസ്റ്റര്‍, സാമ്പത്തിക ഗ്യാരണ്ടി, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള വ്യക്തമായ നടപടിക്രമങ്ങള്‍ എന്നിവയും പുതിയ സംവിധാനത്തിന്റെ ഭാഗമാണ്.
ലൈസന്‍സിന് കര്‍ശന വ്യവസ്ഥകള്‍
റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ഉടമയും പങ്കാളികളും അംഗീകൃത ഒപ്പുവെപ്പുകാരും ഒമാനികളായിരിക്കണം. ഉടമയോ പങ്കാളികളില്‍ ഒരാളോ സ്ഥാപനത്തിന്റെ നടത്തിപ്പിനായി മുഴുവന്‍സമയവും പ്രവര്‍ത്തിക്കണം. ഇയാള്‍ തൊഴില്‍ മന്ത്രാലയത്തില്‍ തൊഴിലുടമയായി രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും ചെറുകിടഇടത്തരം സംരംഭ വികസന അതോറിറ്റിയില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്നും ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ, മന്ത്രാലയത്തില്‍ 5,000 ഒമാനി റിയാലിന്റെ സാമ്പത്തിക ഗ്യാരണ്ടി സമര്‍പ്പിക്കണം. കരാര്‍ ബാധ്യതകള്‍ ഏജന്‍സികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വ്യവസ്ഥകള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും താല്പര്യങ്ങള് സംരക്ഷിക്കാനുമാണ് ഈ ഗ്യാരണ്ടി. അനുയോജ്യമായ ഓഫീസ് സൗകര്യം, തൊഴിലാളികള്‍ക്ക് ആവശ്യമായ താമസസൗകര്യം, തൊഴില്‍ സുരക്ഷാആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയും നിര്‍ബന്ധമാണ്.
45 ദിവസത്തിനകം റിക്രൂട്ട്മെന്റ്
തൊഴില്‍ മന്ത്രാലയം അംഗീകരിച്ച കരാറുകള്‍ മാത്രമേ റിക്രൂട്ട്മെന്റ് ഓഫീസുകള്‍ ഉപയോഗിക്കാവൂ. റിക്രൂട്ട്മെന്റ് സേവനത്തിന് രണ്ടുവര്‍ഷത്തെ ഗ്യാരണ്ടി ഉണ്ടായിരിക്കും. തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കാലാവധി പരമാവധി 45 ദിവസമായി നിജപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിന് പ്രത്യേക പരിഗണന നല്കുന്ന ചട്ടപ്രകാരം റിക്രൂട്ട്മെന്റിനായി തൊഴിലാളികളില്‍നിന്ന് യാതൊരു ഫീസും ഈടാക്കാന്‍ ഏജന്‍സികള്‍ക്ക് അനുമതിയില്ല. തൊഴിലാളികള്‍ ഏജന്‍സികളുടെ കസ്റ്റഡിയില്‍ കഴിയുന്ന സമയത്ത് താമസവും പരിചരണവും ഉറപ്പാക്കണം. ശമ്പളവും ജോലിയുടെ സ്വഭാവവും വ്യക്തമാക്കുന്ന തൊഴില്‍ വാഗ്ദാനരേഖ റിക്രൂട്ട്മെന്റിന് മുമ്പ് ലഭ്യമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും മന്ത്രാലയം നിശ്ചിത സമയപരിധിയോടെയുള്ള നടപടിക്രമങ്ങള്‍ നടപ്പാക്കും. ലൈസന്‍സുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.
നിയമലംഘനങ്ങള്‍ക്ക് പിഴ
ലൈസന്‍സില്ലാത്ത മാര്‍ഗങ്ങളിലൂടെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്താല്‍ ഓരോ തൊഴിലാളിക്കും 100 റിയാല്‍ പിഴ ചുമത്തും. അംഗീകൃത കരാറുകള്‍ ഉപയോഗിക്കാതിരിക്കുകയോ ആവശ്യമായ തൊഴില്‍ വാഗ്ദാനരേഖ നല്കാതിരിക്കുകയോ ചെയ്താല്‍ ഓരോ കരാറിനും 50 റിയാല്‍ പിഴയുണ്ടാകും. അനുമതിയില്ലാതെ റിക്രൂട്ട്മെന്റ് ലൈസന്‍സ് കൈമാറിയാല്‍ 500 റിയാല്‍ പിഴ ചുമത്തും. ഇതിനു പുറമെ ലൈസന്‍സ് റദ്ദാക്കാനും ഏജന്‍സിയുടെ പേര് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും വ്യവസ്ഥയുണ്ട്. അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ 300 റിയാല്‍ പിഴ ചുമത്തും. ഒമാനിയല്ലാത്ത ഒരാളെ ഓഫീസ് നടത്തിപ്പിന് അനുവദിച്ചാല്‍ 500 റിയാല്‍ പിഴയ്ക്കു പുറമെ നാടുകടത്തലുമായി ബന്ധപ്പെട്ട ചെലവുകളും ഈടാക്കാം. തൊഴിലാളികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്താതിരുന്നാല്‍ ഓരോ തൊഴിലാളിക്കും 200 റിയാല്‍ പിഴ ചുമത്തും. അലവന്‍സുകളോ നിര്‍ബന്ധമായ യാത്രാടിക്കറ്റുകളോ സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചാലും ഓരോ തൊഴിലാളിക്കും 100 റിയാല്‍ പിഴയുണ്ടാകും.
ലൈസന്‍സ് ഫീസ് കുറച്ചു
മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി ലൈസന്‍സ് ഫീസ് രണ്ടുവര്‍ഷത്തേക്ക് 300 ഒമാനി റിയാലായി കുറച്ചിട്ടുണ്ട്. താല്‍ക്കാലിക ലൈസന്‍സുകളുടെ എണ്ണം 25 ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം ലൈസന്‍സോടെ പ്രവര്‍ത്തിച്ച ഏജന്‍സികള്‍ക്ക് ഒമാനി മാനേജറെ നിയമിക്കുന്ന വ്യവസ്ഥയില്‍ പുതിയ ശാഖകള്‍ തുറക്കാനും അനുമതി ലഭിക്കും. റിക്രൂട്ട്മെന്റ് സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുക, ഏജന്‍സികളുടെ ഉത്തരവാദിത്തം ഉറപ്പാക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ഒമാനിലെ തൊഴില്‍ വിപണിയില്‍ സ്ഥിരതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുക എന്നിവയാണ് പരിഷ്കാരങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.