ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്

റിയാദ്: സൗദി അറേബ്യയിലെ ഈസ്റ്റ്വെസ്റ്റ് എണ്ണ പൈപ്പ്ലൈന് ലക്ഷ്യമിട്ട് നടന്ന ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങളും മുസ്ലിം സംഘടനകളും രംഗത്ത്. സൗദിയുടെ സുരക്ഷക്കും സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണം മേഖലയില്‍ ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി), മുസ്ലിം വേള്‍ഡ് ലീഗ് (എംഡബ്ല്യുഎല്‍), ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒഐസി), ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയവര്‍ വ്യക്തമാക്കി. ഇറാഖ് ഭാഗത്തുനിന്ന് എത്തിയ നിരവധി ഡ്രോണുകളാണ് റിയാദ്, മദീന മേഖലകളിലെ പൈപ്പ്ലൈന് ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു.
അപകടകരമായ നീക്കമെന്ന് ജിസിസി
ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. സൗദിയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭൗമിക അഖണ്ഡതയ്ക്കും സുപ്രധാന സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ‘അപകടകരമായ നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദിക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള വിക്ഷേപണ കേന്ദ്രമായി ഇറാഖ് ഭൂപ്രദേശം ഉപയോഗിക്കുന്നത് തടയാന്‍ ഇറാഖ് സര്‍ക്കാര്‍ ആവശ്യമായതും നിര്‍ണായകവുമായ നടപടികള്‍ സ്വീകരിക്കണമെന്നും അല്‍ബുദൈവി ആവശ്യപ്പെട്ടു. സൗദിയുടെ സുരക്ഷ, പരമാധികാരം, സ്ഥാപനങ്ങള്‍, പൗരന്മാര്, താമസക്കാര്‍ എന്നിവ സംരക്ഷിക്കാന്‍ രാജ്യം സ്വീകരിക്കുന്ന നടപടികള്‍ക്ക് ജിസിസിയുടെ പൂര്‍ണവും ഉറച്ചതുമായ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറും ബഹ്റൈനും രംഗത്ത്
സിവിലിയന്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മേഖലയുടെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് കഴിയുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
സൗദിയുമായി പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഖത്തര്‍, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്ക് പിന്തുണ അറിയിച്ചു. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയവും ആക്രമണത്തെ ശക്തമായി അപലപിച്ചു. യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും അയല്‍രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിന്റെയും ലംഘനമാണിതെന്ന് ബഹ്റൈന്‍ വ്യക്തമാക്കി.
മുസ്ലിം വേള്‍ഡ് ലീഗിന്റെ പിന്തുണ
മുസ്ലിം വേള്‍ഡ് ലീഗും ആക്രമണത്തെ ശക്തമായി അപലപിച്ചു. സംഘടനയുടെ സെക്രട്ടറി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍ഈസ ആക്രമണങ്ങളെ ‘വഞ്ചനാപരമായ ക്രിമിനല്‍ ആക്രമണങ്ങള്‍’ എന്ന് വിശേഷിപ്പിച്ചു. മതപരമായ തത്വങ്ങള്‍ക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും മാനവിക മൂല്യങ്ങള്‍ക്കും വിരുദ്ധമാണ് ഇത്തരം ആക്രമണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണകാരികളെ പ്രതിരോധിക്കാനും രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനും സൗദി സ്വീകരിക്കുന്ന നടപടികള്‍ക്ക് മുസ്ലിം വേള്‍ഡ് ലീഗിന്റെയും അതിന്റെ വിവിധ സ്ഥാപനങ്ങളുടെയും പൂര്‍ണ പിന്തുണയുണ്ടെന്നും അല്‍ഈസ വ്യക്തമാക്കി. ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപ്പറേഷനും ആക്രമണത്തെ ശക്തമായി അപലപിച്ചു.
ഇറാഖില്‍ അന്വേഷണം
സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ആക്രമണങ്ങളെ ഇറാഖും അപലപിച്ചു. ആക്രമണത്തിന് ഉത്തരവാദികളായ മിലീഷ്യയെയും അവരെ പിന്തുണയ്ക്കുന്നവരെയും കണ്ടെത്താന്‍ അടിയന്തര അന്വേഷണം നടത്താന്‍ ബാഗ്ദാദ് ഉത്തരവിട്ടു. ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താന്‍ ഇറാഖിന്റെ ഭൂപ്രദേശമോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഇറാഖ് വ്യക്തമാക്കി. ഏകദേശം 1,200 കിലോമീറ്റര്‍ നീളമുള്ള ഈസ്റ്റ്വെസ്റ്റ് പൈപ്പ്ലൈന് സൗദി അറേബ്യയുടെ കിഴക്കന്‍ മേഖലകളിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് ചെങ്കടല്‍ തീരത്തെ യാന്‍ബു തുറമുഖത്തേക്ക് അസംസ്കൃത എണ്ണ എത്തിക്കുന്ന പ്രധാന പാതയാണ്. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റുമതി നടത്താന്‍ കഴിയുന്നതിനാല്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പൈപ്പ്ലൈന് തന്ത്രപ്രധാന പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്.