ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

അബുദാബി: ശക്തമായ എല്‍ നിനോ പ്രതിഭാസത്തിന്റെ ആഗോള കാലാവസ്ഥാ സ്വാധീനത്തെ തുടര്‍ന്ന് യുഎഇയില്‍ ഈ വര്‍ഷം സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നിലവില്‍ രാജ്യത്തെ കാലാവസ്ഥാ സാഹചര്യം സ്ഥിരതയുള്ളതാണെന്നും അധികൃതര്‍ വ്യക്തമാക്കി. എല്‍ നിനോയുടെ നേരിട്ടുള്ള സ്വാധീനം പ്രധാനമായും പസഫിക് സമുദ്ര മേഖലയിലാണ് അനുഭവപ്പെടുന്നത്. യുഎഇയില്‍ ഇതിന്റെ സ്വാധീനം നേരിട്ടുള്ളതല്ലെന്നും പരോക്ഷമായാണ് പ്രകടമാകുന്നതെന്നും എന്‍സിഎം വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ നിനോ വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് കാരണമാകാം. ചില മേഖലകളില്‍ വരള്‍ച്ച രൂക്ഷമാകുമ്പോള്‍ മറ്റു ചില പ്രദേശങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാം. യുഎഇയും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ ഉള്‍പ്പെടുന്നു.
എല്‍ നിനോയുടെ ശക്തി ഇത്തവണ കൂടുതലാണെങ്കിലും, യുഎഇയില്‍ മഴ വര്‍ധിക്കുന്നതിനുള്ള ഒരു സൂചകമായി ഇതിനെ കാണാമെന്ന് എന്‍സിഎം അറിയിച്ചു. ആവശ്യമായ അന്തരീക്ഷ സാഹചര്യങ്ങള്‍ രൂപപ്പെടുന്ന സമയങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടാകാം. രാജ്യത്തെ കാലാവസ്ഥാ മാറ്റങ്ങള്‍ അധികൃതര്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്. രാജ്യത്തെ ബാധിക്കുന്ന കാലാവസ്ഥാ സാഹചര്യം ഉണ്ടായാല്‍ ഔദ്യോഗിക ചാനലുകളിലൂടെ മുന്‍കൂട്ടി അറിയിപ്പ് നല്‍കുമെന്നും എന്‍സിഎം അറിയിച്ചു. കാലാവസ്ഥാ പ്രവചനങ്ങളും മുന്നറിയിപ്പുകളും മതിയായ സമയത്തിന് മുമ്പ് പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കി. കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക ഉറവിടങ്ങള്‍ പരിശോധിക്കണമെന്നും, അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുകയോ പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും എന്‍സിഎം പൊതുജനങ്ങളോടും മാധ്യമ സ്ഥാപനങ്ങളോടും അഭ്യര്‍ഥിച്ചു.