ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്

ദുബൈ: യുകെയില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി നഴ്സ് ഡോ. അജിമോള്‍ പ്രദീപിന് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ്. 2.5 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 2.34 കോടി രൂപ) സമ്മാനത്തുകയുള്ള പുരസ്കാരമാണ് ഡോ. അജിമോള്‍ നേടിയത്. ലോകത്തെ 214 രാജ്യങ്ങളില്‍ നിന്നായി ലഭിച്ച 1.34 ലക്ഷത്തിലധികം രജിസ്ട്രേഷനുകളില്‍ നിന്നാണ് ഡോ. അജിമോള്‍ പ്രദീപിനെ വിജയിയായി തെരഞ്ഞെടുത്തത്.
യുകെയിലെ കിംഗ്സ് കോളജ് ആശുപത്രിയില്‍ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്ററായും സാല്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ഹോണററി സീനിയര്‍ ലക്ചററായും പ്രവര്‍ത്തിക്കുകയാണ് ഡോ. അജിമോള്‍. അവയവദാതാക്കളുടെ കുറവ് മൂലം ട്രാന്‍സ്പ്ലാന്റിനായി കാത്തിരിക്കുന്ന ദക്ഷിണേഷ്യന്‍ സമൂഹങ്ങള്‍ നേരിടുന്ന അസമത്വം തിരിച്ചറിഞ്ഞാണ് ഡോ. അജിമോള്‍ പ്രവര്‍ത്തനം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി സഹസ്ഥാപകയായി പ്രവര്‍ത്തിച്ച ‘ഉപഹാര്‍’ (Upahaar) പദ്ധതിയിലൂടെ ഇതുവരെ 10,000ത്തിലധികം സ്റ്റെം സെല്‍ ദാതാക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞു.
അന്താരാഷ്ട്ര പരിശീലനം നേടിയ നഴ്സുമാര്‍ക്ക് യുകെയിലെ ആരോഗ്യ മേഖലയില്‍ വീണ്ടും പ്രവേശിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള നയപരമായ മാറ്റങ്ങള്‍ക്കും ഡോ. അജിമോളുടെ പ്രവര്‍ത്തനം സംഭാവന നല്കി. ആരോഗ്യ സേവനത്തിലേക്കുള്ള രോഗികളുടെ പ്രവേശനം മെച്ചപ്പെടുത്തല്‍, സമൂഹപങ്കാളിത്തം, ആരോഗ്യ മേഖലയിലെ മാനവവിഭവശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ക്ക് ബ്രിട്ടീഷ് എംപയര്‍ മെഡല്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. പുരസ്കാരം ലഭിച്ചതിലൂടെ തന്റെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ അവസരം ലഭിച്ചതായി ഡോ. അജിമോള്‍ പറഞ്ഞു. പുരസ്കാരത്തുകയുടെ പകുതി ഉപഹാര്‍ പദ്ധതിക്കും അവയവദാന, സ്റ്റെം സെല്‍ ദാന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും വിനിയോഗിക്കുമെന്ന് അവര്‍ വ്യക്തമാക്കി. അവയവ തകരാറുകളും രക്താര്‍ബുദവും ബാധിച്ച കൂടുതല്‍ രോഗികള്‍ക്ക് ചികിത്സാ സാധ്യത ഒരുക്കുകയാണ് ലക്ഷ്യം. നഴ്സിംഗ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നിക്ഷേപം നടത്തുമെന്നും കൂടുതല്‍ നഴ്സുമാരെ ആരോഗ്യരംഗത്തെ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്കുന്നവരായി വളര്‍ത്താന്‍ ശ്രമിക്കുമെന്നും ഡോ. അജിമോള്‍ പറഞ്ഞു.
കേരളത്തില്‍ നടന്ന ചടങ്ങിലാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശന് ഉള്‍പ്പെടെയുള്ള പ്രമുഖരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യനഴ്സിംഗ് മേഖലയിലെ വിദഗ്ധരും ചടങ്ങില്‍ പങ്കെടുത്തു. 2021ല്‍ ആരംഭിച്ച ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ്, നഴ്സിംഗ് മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളെയും സമൂഹത്തില്‍ സൃഷ്ടിക്കുന്ന ശ്രദ്ധേയമായ മാറ്റങ്ങളെയും ആദരിക്കുന്ന ആഗോള വേദിയായി വളര്‍ന്നിട്ടുണ്ട്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന് ഡോ. അജിമോളുടെ നേട്ടത്തെ അഭിനന്ദിച്ചു. ഒരൊറ്റ നഴ്സിന് പോലും ഒരു പ്രശ്നം തിരിച്ചറിഞ്ഞ് അതിന് പരിഹാരം കണ്ടെത്തുന്നതിലൂടെ വലിയ മാറ്റത്തിന് തുടക്കമിടാനാകുമെന്ന് ഡോ. അജിമോളുടെ പ്രവര്‍ത്തനം തെളിയിക്കുന്നതായി അവര്‍ പറഞ്ഞു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പനും ഡോ. അജിമോളെയും മറ്റ് ഫൈനലിസ്റ്റുകളെയും അഭിനന്ദിച്ചു. കോട്ടയം ചുങ്കം കാനാക്കുന്നേല്‍ കെ.ജെ ജോസഫിന്റെയും അന്നമ്മയുടെയും മകളാണ്. ഭര്‍ത്താവ് കോട്ടയം ചാലുകുന്നേല്‍ കണിയാംകുളം വീട്ടില്‍ ചാക്കോ പ്രദീപ് ജേക്കബ്. വിദ്യാര്‍ത്ഥികളായ കാത്തി, വാലന്റീന്‍ മക്കളാണ്. ബ്രിട്ടനിലെ കെന്റില്‍ ആഷ്ഫോഡിലാണ് താമസം.