സൗദി ദേശീയ ദിനാഘോഷം: കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ ഷോകളും മാറ്റിവെച്ചു

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ ഷോകളും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ റിയാദ്, ജിദ്ദ, അല്‍ ഖോബാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളില്‍ ജനങ്ങള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ അഭ്യാസ പ്രകടനങ്ങളുമാണ് മാറ്റിവെച്ചത്. ആകാശദൃശ്യങ്ങളും വെടിക്കെട്ടും മാറ്റിവെച്ചെങ്കിലും ദേശീയ ദിനവുമായി ബന്ധപ്പെട്ട മറ്റ് സാംസ്കാരിക പരിപാടികളും സംഗീത സന്ധ്യകളും പരമ്പരാഗത ആഘോഷങ്ങളും രാജ്യത്തുടനീളം തടസ്സമില്ലാതെ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടികള്‍ മാറ്റിവച്ചതെന്നാണ് പ്രാഥമിക വിവരം. മാറ്റിവെച്ച ഷോകളുടെ പുതിയ സമയക്രമവും തീയതിയും സംബന്ധിച്ച് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഔദ്യോഗികമായി പിന്നീട് അറിയിക്കും.
ബുധനാഴ്ച രാത്രി 9 മണിക്ക് സൗദിയിലെ ഒമ്പത് നഗരങ്ങളില്‍ ഒരേസമയം ആകാശത്ത് വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗം നടക്കേണ്ടതായിരുന്നു. റിയാദ്, ജിദ്ദ, അല്‍ ഖോബാര്‍, മദീന, ഹാഇല്‍, അറാര്‍, അല്‍ ബഹാ, തബൂക്ക്, ബുറൈദ എന്നിവിടങ്ങളിലാണ് പ്രദര്‍ശനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്.
അതേ സമയം, തലസ്ഥാനമായ റിയാദ്, ജിദ്ദ, ദമ്മാം, അല്‍ ഖോബാര്‍, മക്ക, മദീന തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ റോഡുകളും പ്രധാന കെട്ടിടങ്ങളും ചരിത്ര സ്മാരകങ്ങളും സൗദി പതാകയുടെയും പച്ച നിറത്തിലുള്ള അലങ്കാര വിളക്കുകളാലും പ്രകാശപൂരിതമായിരുന്നു. സൗദിയുടെ പരമ്പരാഗത പൈതൃക കലകള്‍, തനത് സംഗീത പരിപാടികള്‍, ചരിത്ര പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്.