ഡല്ഹിയില് ദേശീയപതാക മാര്ച്ച് തടയില്ലെന്ന് കോടതി; സുരക്ഷ ഉറപ്പാക്കാന് പൊലീസിന് നിര്ദേശം

ദുബൈ: ലോകത്തിന്റെ വിവിധ സംസ്കാരങ്ങളെയും വിനോദങ്ങളെയും ഭക്ഷണ വൈവിധ്യങ്ങളെയും ഒരുമിപ്പിക്കുന്ന ഗ്ലോബല് വില്ലേജിന്റെ 31ാമത് സീസണിന് ഇന്ന് (ബുധനാഴ്ച) വൈകിട്ട് ആറിന് തുടക്കമാകും. ‘എ മോര് വണ്ടര്ഫുള് വേള്ഡ്’ എന്ന പ്രമേയത്തില് പുതിയ വിനോദ ആകര്ഷണങ്ങളും സാംസ്കാരിക അനുഭവങ്ങളും അവതരിപ്പിക്കുന്ന സീസണ് 2027 മേയ് വരെ തുടരും. മൂന്ന് പതിറ്റാണ്ടായി യുഎഇയിലെ ബഹുസാംസ്കാരിക ജീവിതത്തിന്റെ പ്രധാന സംഗമവേദിയായി മാറിയ ഗ്ലോബല് വില്ലേജ് കുടുംബങ്ങള്ക്കും സുഹൃത്തുക്കള്ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാരമ്പര്യങ്ങളും ഭക്ഷണരീതികളും കലകളും അടുത്തറിയാനുള്ള അവസരമാണ് ഒരുക്കുന്നത്.
90ലേറെ സംസ്കാരങ്ങള്, 3,500ലധികം കടകള്
പുതിയ സീസണില് 90ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 29 പവിലിയനുകളാണ് സന്ദര്ശകരെ കാത്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള ഉല്പന്നങ്ങള് വില്ക്കുന്ന 3,500ലധികം കടകളും 250ലധികം ഭക്ഷണശാലകളും ലഭ്യമാണ്. സീസണിലുടനീളം 40,000 കലാപരിപാടികളും 200ലധികം വിനോദ ആകര്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്. സംഗീതം, നൃത്തം, അക്രോബാറ്റിക്സ്, തത്സമയ പ്രകടനങ്ങള് തുടങ്ങിയവ പരിപാടികളുടെ ഭാഗമാകും. സീസണിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക സംഗീതസംഘത്തിന്റെ പ്രകടനവും വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങള് അവതരിപ്പിക്കുന്ന ‘പരേഡ് ഓഫ് ദ വേള്ഡ്’ എന്ന ഘോഷയാത്രയും നടന്നു. ഗേറ്റ് ഓഫ് ദ വേള്ഡില് വര്ണപ്പൊടികളുടെ പ്രത്യേക പ്രദര്ശനവും സന്ദര്ശകര്ക്കായി ഒരുക്കി. 600 ഡ്രോണുകള് അണിനിരന്ന ആകാശപ്രദര്ശനവും ഉദ്ഘാടനാഘോഷങ്ങള്ക്ക് മാറ്റുകൂട്ടി.
പവിലിയനുകളില് പുതുമകള്
ശ്രീലങ്ക പവിലിയനിലും റഷ്യ, അസര്ബൈജാന് പവിലിയനുകളിലും പുതുക്കിയ അനുഭവങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സിറിയ, കുവൈത്ത് പവിലിയനുകളുടെ മുന്ഭാഗങ്ങളും നവീകരിച്ചിട്ടുണ്ട്. പുതിയ സീസണിനായി പ്രത്യേക പാസ്പോര്ട്ടും കുട്ടികള്ക്കായി കിഡ്സ് പാസ്പോര്ട്ടും അവതരിപ്പിച്ചു. വിവിധ പവിലിയനുകള് സന്ദര്ശിക്കുമ്പോള് സ്റ്റാമ്പുകള് ശേഖരിക്കാന് കഴിയുന്ന ഈ സംവിധാനം കുട്ടികള്ക്കും കുടുംബങ്ങള്ക്കും ഓരോ രാജ്യത്തെയും സംസ്കാരം കണ്ടെത്താനുള്ള രസകരമായ അവസരമാകും.
ഭക്ഷണപ്രേമികള്ക്കായി പുതിയ ഇടങ്ങള്
വിവിധ രാജ്യങ്ങളിലെ തെരുവുഭക്ഷണങ്ങള്, റസ്റ്റോറന്റുകള്, കഫേകള്, മധുരപലഹാരങ്ങള് എന്നിവ ഗ്ലോബല് വില്ലേജിലെ പ്രധാന ആകര്ഷണങ്ങളാണ്. കാര്ണിവലിന് സമീപവും ഫാല്ക്കണ് സ്റ്റേജിന് അഭിമുഖമായും പ്രവര്ത്തിക്കുന്ന റെസ്റ്ററന്റ് പ്ലാസയില് ഭക്ഷണത്തോടൊപ്പം തത്സമയ വിനോദവും ആസ്വദിക്കാം. പുതിയ സീസണില് ട്രാബ്സോണ് ടര്ക്കിഷ് റസ്റ്ററന്റ്, റോബോ അല് ഷാം, ഹവാവ്ഷി അല് റബീഅ്, ചിക്കിങ് എന്നിവ റെസ്റ്ററന്റ് പ്ലാസയില് പ്രവര്ത്തനം ആരംഭിക്കും. വിന്സി ഡോള്സി, എമിര് ബേ ഗോര്മെറ്റ്, ഉസുങ്കോള് കഫേ എന്നിവയാണ് പുതിയ കഫേകള്. പുതുക്കിയ രൂപത്തില് ഡെസേര്ട്ട് ഡിസ്ട്രിക്റ്റും തിരിച്ചെത്തിയിട്ടുണ്ട്.
പുതിയ റോളര് കോസ്റ്ററും സാഹസിക വിനോദങ്ങളും
കുടുംബങ്ങള്ക്കും കുട്ടികള്ക്കും സാഹസിക വിനോദങ്ങള് ഇഷ്ടപ്പെടുന്നവര്ക്കുമായി 200ലധികം ആകര്ഷണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാര്ണിവലിലെ വിവിധ റൈഡുകളും ഗെയിമുകളും ഇതില്പ്പെടുന്നു. ഡ്രാഗണ് കിംഗ്ഡം, ദ ഹൊറര് ഹോട്ടല്, സീക്രട്ട്സ് ഓഫ് ദ ലോസ്റ്റ് സിറ്റി, എക്സോ പ്ലാനറ്റ് സിറ്റി തുടങ്ങിയ ജനപ്രിയ ആകര്ഷണങ്ങള് വീണ്ടും തുറന്നു. പുതുക്കിയ കാബിനുകളുമായി ഫെസ്റ്റിവല് വീലും തിരിച്ചെത്തി. ഗ്ലോബല് വില്ലേജിന്റെ വിശാലമായ കാഴ്ചകള് ആസ്വദിക്കാന് ഫെസ്റ്റിവല് വീല് അവസരമൊരുക്കും.
സ്റ്റണ്ട് ഷോകളും ബോളിവുഡ് വിനോദവും
‘ഫാസ്റ്റ് ലൈവ് 2: ദ പോലീസ് സ്ട്രൈക്ക് ബാക്ക്’ എന്ന സ്റ്റണ്ട് ഷോയാണ് പുതിയ സീസണിലെ പ്രധാന ആകര്ഷണങ്ങളിലൊന്ന്. സാഹസിക പ്രകടനങ്ങളും അതിവേഗ രംഗങ്ങളും ഉള്പ്പെടുന്നതാണ് പരിപാടി. ‘ബോളിവുഡ് ഐഡല്’, ‘ബാങ്ക് ഹീസ്റ്റ്’ എന്നീ പുതിയ ഷോകള്ക്കൊപ്പം ജനപ്രിയ പരിപാടിയായ ‘സ്ലാം’യും അരങ്ങിലെത്തും. കുട്ടികള്ക്കായുള്ള കിഡ്സ് തിയേറ്ററില് കെയര് ബിയേഴ്സ്, പി.ജെ. മാസ്ക്സ് തുടങ്ങിയ കഥാപാത്രങ്ങളും തിരിച്ചെത്തും.
പാര്ക്കിങ്ങിലും പ്രവേശന സൗകര്യങ്ങളിലും മാറ്റങ്ങള്
സന്ദര്ശകരുടെ സൗകര്യവും പ്രവേശനവും മെച്ചപ്പെടുത്തുന്നതിനായി പാര്ക്കിങ്, ദിശാസൂചനാ ബോര്ഡുകള്, ടിക്കറ്റിങ് സംവിധാനങ്ങള് എന്നിവയില് മാറ്റങ്ങള് വരുത്തിയിട്ടുണ്ട്. പുതിയ വി.ഐ.പി പാര്ക്കിങ് സ്വയം പണമടയ്ക്കല് സംവിധാനം, കൂടുതല് വ്യക്തമായ ദിശാസൂചനകള്, ഹാപ്പിനസ് ഗേറ്റിലെ വിപുലീകരിച്ച ടിക്കറ്റിങ് സൗകര്യം എന്നിവ ഇതില് ഉള്പ്പെടുന്നു. ഭിന്നശേഷിക്കാര്ക്ക് ഉപയോഗിക്കാവുന്ന സൗകര്യങ്ങള് ഉള്പ്പെടെ കൂടുതല് കുടുംബ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. ഗേറ്റ് ഓഫ് ദ വേള്ഡില് ദ്വിഭാഷാ ബോര്ഡുകളും കള്ച്ചറല് ഗേറ്റില് മെച്ചപ്പെടുത്തിയ വെളിച്ചസംവിധാനവും സ്ഥാപിച്ചു. ഷാര്ജ തുരങ്കത്തിന് പുതിയ തീമും ഒരുക്കിയിട്ടുണ്ട്. സന്ദര്ശകര്ക്ക് വിവരങ്ങളും സഹായവും ലഭ്യമാക്കാന് പുതിയ വാട്സ്ആപ്പ് ചാറ്റ്ബോട്ടും അവതരിപ്പിച്ചു.
ചൊവ്വാഴ്ചകളില് കുടുംബങ്ങള് മാത്രം
ഗ്ലോബല് വില്ലേജ് ഞായറാഴ്ച മുതല് ബുധനാഴ്ച വരെ വൈകിട്ട് നാലുമുതല് അര്ധരാത്രിവരെയും വ്യാഴം മുതല് ശനി വരെയും പൊതു അവധി ദിവസങ്ങളിലും വൈകിട്ട് നാലുമുതല് പുലര്ച്ചെ ഒന്നുവരെയും പ്രവര്ത്തിക്കും. ഗ്ലോബല് വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല് ആപ്പ്, പ്രവേശന കവാടങ്ങളിലെ ടിക്കറ്റ് കൗണ്ടറുകള് എന്നിവ വഴി ടിക്കറ്റുകള് ലഭിക്കും. പൊതു അവധി ദിവസങ്ങള് ഒഴികെയുള്ള ചൊവ്വാഴ്ചകള് കുടുംബങ്ങള്ക്കും സ്ത്രീകള്ക്കും മാത്രമായി മാറ്റിവെച്ചിട്ടുണ്ട്.