വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും; മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

ഷാര്‍ജ: സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്കി. കുറ്റക്കാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹമോ അതിലധികമോ പിഴയും ലഭിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ അതിവേഗം പ്രചരിക്കുന്നതിലൂടെ പൊതുജനങ്ങളില്‍ അനാവശ്യ ഭീതിയും ആശങ്കയും സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ബോധവത്കരണ നടപടി. വ്യാവസായിക മേഖലകളിലെ തീപിടിത്തങ്ങളുമായി ബന്ധപ്പെട്ട പഴയതോ വ്യാജമോ ആയ ദൃശ്യങ്ങള്‍ വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുമ്പോള്‍ യാഥാര്‍ഥ്യം പരിശോധിക്കാതെ മറ്റുള്ളവര്‍ക്ക് കൈമാറുന്ന സംഭവങ്ങള്‍ ബോധവത്കരണ വിഡിയോയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഷാര്‍ജ പൊലീസിലെ ബോധവത്കരണ വിഭാഗം ഡയറക്ടര്‍ മേജര്‍ സൗദ് അല്‍ ഷൈബ പറഞ്ഞു: ‘ഒരൊറ്റ സന്ദേശം നൂറുകണക്കിന് ആളുകളില്‍ ആശങ്കയുണ്ടാക്കാന്‍ മതിയാകും.’സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ കുറഞ്ഞത് ഒരു വര്‍ഷം തടവും 100,000 ദിര്‍ഹം മുതല്‍ പിഴയും ലഭിക്കാമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. വാര്‍ത്തകളുടെ ഉറവിടവും ആധികാരികതയും പരിശോധിച്ചശേഷം മാത്രമേ അവ മറ്റുള്ളവര്‍ക്ക് കൈമാറാവൂ എന്ന് പൊലീസ് നിര്‍ദേശിച്ചു. ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനങ്ങളെയും അംഗീകൃത വാര്‍ത്താ മാധ്യമങ്ങളെയും വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ആശ്രയിക്കണമെന്നും അഭ്യര്‍ഥിച്ചു.
പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കുക: പഴയ തീപിടിത്ത ദൃശ്യങ്ങള്‍, അപകടവാര്‍ത്തകള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍, ഔദ്യോഗികമെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങള്‍ എന്നിവയുടെ ആധികാരികത ഉറപ്പാക്കാതെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ മറ്റ് സമൂഹമാധ്യമങ്ങളിലോ പങ്കുവയ്ക്കരുത്. സന്ദേശം മറ്റൊരാളില്‍നിന്ന് ലഭിച്ചതാണെന്നത് മാത്രം നിയമപരമായ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാകാനുള്ള കാരണമല്ല.