യുഎഇയില്‍ കനത്ത ചൂട് തുടരുന്നു : മരുപ്രദേശങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ്

ഗസ്സ: യുദ്ധത്തെ തുടര്‍ന്ന് ഗസ്സയിലെ ജലവിതരണശുചിത്വ സംവിധാനങ്ങള്‍ തകര്‍ന്നതോടെ, ശുദ്ധജല ക്ഷാമം വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറുകയാണ്. തകര്‍ന്ന ഡീസാലിനേഷന്‍ പ്ലാന്റുകള്‍, കിണറുകള്‍, പമ്പിംഗ് സംവിധാനങ്ങള്‍, മലിനജല ശൃംഖലകള്‍ എന്നിവ കാരണം ലക്ഷക്കണക്കിന് ആളുകള്‍ ടാങ്കര്‍ വെള്ളത്തെയും അടിയന്തര മാനുഷിക സഹായത്തെയും ആശ്രയിക്കുകയാണ്. മേഖലയിലെ 67% ജലശുചിത്വ അടിസ്ഥാന സൗകര്യങ്ങളും ഇസ്രാഈല്‍ ആക്രമണത്തില്‍ തകര്‍ന്നു. യുഎന്‍ കണക്ക് പ്രകാരം 90% ഗസ്സക്കാര്‍ മിതമായതോ ഗുരുതരമായതോ ആയ ജലസുരക്ഷാ പ്രതിസന്ധി നേരിടുന്നു. ഒരാള്‍ക്ക് പ്രതിദിനം ശരാശരി ലഭിക്കുന്നത് വെറും 4.5 ലിറ്റര്‍ കുടിവെള്ളം. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാനുഷിക മാനദണ്ഡ പ്രപകാരം പ്രതിദിനം 21 ലിറ്റര്‍ വെള്ളം ആവശ്യമാണ്. കുടിക്കാന്‍ പോലും ശുദ്ധജലം കിട്ടാനില്ല. ഗസ്സയിലെ 74% കുടുംബങ്ങളും കുടിവെള്ളത്തിനായി ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കുന്നു. 63% ആളുകള്‍ക്ക് പ്രതിദിനം 6 ലിറ്റര്‍ പോലും കുടിവെള്ളം ലഭിക്കുന്നില്ല. ഗസ്സയിലെ ആറ് മലിനജല ശുദ്ധീകരണ പ്ലാന്റുകളും പ്രവര്‍ത്തനരഹിതമാണ്. 70% മലിനജല പമ്പിംഗ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നില്ല. ഇക്കാരത്താല്‍ പ്രതിദിനം ഏകദേശം 154,600 ഘനമീറ്റര്‍ ശുദ്ധീകരിക്കാത്ത മലിനജലം പുറത്തേക്ക് ഒഴുകുന്നു.
ഈ ക്ഷാമം ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണ്. ദീര്‍ഘകാലം ശുദ്ധീകരിക്കാത്ത വെള്ളം കുടിക്കുന്നത് മൂലം കുട്ടികളില്‍ വയറിളക്കം, പോഷകക്കുറവ്, വളര്‍ച്ചാ മുരടിപ്പ്, ശരീരഭാരം കുറയല്‍, പ്രതിരോധശേഷി കുറയല്‍, ശാരീരികബൗദ്ധിക വളര്‍ച്ചാ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് യുണിസെഫ് മുന്നറിയിപ്പ് നല്കുന്നു. ശുദ്ധജലത്തിന്റെ അഭാവം രോഗപ്രതിരോധത്തെയും ബാധിക്കുന്നതിനാല്‍, രോഗബാധിതരായ കുട്ടികള്‍ക്ക് ചികിത്സ ലഭിച്ച ശേഷവും മലിനമായ സാഹചര്യങ്ങളിലേക്ക് തിരിച്ചെത്തുമ്പോള്‍ വീണ്ടും രോഗബാധ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. ഇക്കാരണത്താല്‍ കുട്ടികളില്‍ രോഗങ്ങള്‍ വര്‍ധിക്കുന്നു. ഇവിടെ 46 ശതമാനം കുട്ടികളിലും അക്യൂട്ട് ശ്വാസകോശ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 31% കുട്ടികള്‍ക്കും ചര്‍മ്മരോഗങ്ങളുണ്ട്. 21% പേര് കടുത്ത ജലവയറിളക്കത്താല് ബുദ്ധിമുട്ടുകയാണ്. ശുദ്ധജലവും മതിയായ ശുചിത്വ സംവിധാനങ്ങളും ലഭിച്ചാല്‍ ഇതില്‍ പല രോഗങ്ങളും തടയാന്‍ കഴിയുന്നതാണെന്ന് യുഎന്‍ ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടുന്നു.
ശുദ്ധജലമില്ലാത്തതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും കടുത്ത ഭീഷണിയിലാണ്. ഗസ്സയിലെ തകര്‍ന്ന ആരോഗ്യ സംവിധാനത്തിന് ജലക്ഷാമം കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ആശുപത്രികളില്‍ കുടിവെള്ളം, ശുചീകരണം, ഉപകരണങ്ങളുടെ അണുവിമുക്തമാക്കല്‍, അണുബാധ നിയന്ത്രണം എന്നിവയ്ക്കെല്ലാം ശുദ്ധജലം ആവശ്യമാണ്. മലിനജലവും മാലിന്യക്കൂമ്പാരങ്ങളും കൂടുന്നതിനാല്‍ ജലസ്രോതസ്സുകള്‍ മലിനമാകാനും പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാനുമുള്ള സാധ്യത വര്‍ധിക്കുന്നു. ഗസ്സയിലെ പ്രശ്നം വെറും കുടിവെള്ള ക്ഷാമമല്ല. ജലവിതരണം, മലിനജല നിര്‍മാര്‍ജനം, ശുചിത്വം, ആരോഗ്യം എന്നിവ പരസ്പരം ബന്ധപ്പെട്ടു തകരുന്ന ഒരു വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയാണ്.