ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

ദുബൈ: വ്യോമയാന മേഖലയിലേക്ക് കൂടതല്‍ സ്ത്രീകള്‍ക്ക് വഴിയൊരുക്കി ആദ്യത്തെ ഇമാറാത്തി വനിതാ ക്യാപ്റ്റന്മാര് ഉയര്‍ന്ന പദവിയിലേക്ക്. അഭിനിവേശവും കഠിനാധ്വാനവും മികച്ച പരിശീലനവും ആകാശ സ്വപ്നങ്ങളെ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാമെന്ന് എമിറേറ്റ്സ് എയര്‍ലൈനിലെ ആദ്യത്തെ ഇമാറാത്തി വനിതാ ക്യാപ്റ്റന്മാര് തെളിയിച്ചിരിക്കുന്നു. എമിറേറ്റ്സ് ഗ്രൂപ്പിന്റെ നാഷണല്‍ കാഡറ്റ് പൈലറ്റ് പ്രോഗ്രാമിലൂടെയാണ് ഹനാന് മുഹമ്മദ് ജവാദും ബഖിത അല്‍ മെയ്രിയും ഈ നിലയിലേക്ക് ഉയര്‍ന്നത്. ബോയിംഗ് 777 വിമാനങ്ങള്‍ പറത്തുന്ന ഇരുവരും ഇപ്പോള്‍ ക്യാപ്റ്റന്മാരായി തങ്ങളുടെ നാലാമത്തെ സ്ട്രൈപ്പുകള്‍ (പദവി) സ്വന്തമാക്കിയിരിക്കുകയാണ്. 20-ാം വയസ്സിലാണ് ജവാദ് എമിറേറ്റ്സില്‍ ചേരുന്നത്. ഫസ്റ്റ് ഓഫീസറില്‍ നിന്ന് ക്യാപ്റ്റനിലേക്കുള്ള മാറ്റം എന്നത്, കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന്റെയും മണിക്കൂറുകള്‍ നീണ്ട പഠനത്തിന്റെയും പരീക്ഷകളുടെയും നിരന്തരമായ കഠിനാധ്വാനത്തിന്റെയും ഒരു നീണ്ട യാത്രയായിരുന്നു. ക്യാപ്റ്റനായുള്ള തന്റെ ആദ്യ അള്‍ജിയേഴ്സ് യാത്രയ്ക്ക് ശേഷം, ‘ക്യാപ്റ്റന്‍, മികച്ച ലാന്‍ഡിംഗ്’ എന്ന് യാത്രക്കാര്‍ വിളിച്ചുപറഞ്ഞത് അവര്‍ പുഞ്ചിരിയോടെ ഓര്‍ക്കുന്നു. പുരുഷന്മാര്ക്ക് ആധിപത്യമുള്ള ഒരു തൊഴില്‍ മേഖലയാണിത്, എന്നാല്‍ തനിക്കും ഇവിടെ സ്ഥാനമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞതായി ഹനാന് പറയുന്നു. പതിനാല് വയസ്സിലാണ് പൈലറ്റ് ആകണമെന്ന് മനസ്സിലുദിച്ചതെന്ന് 38 കാരിയായ ഹനാന് പറഞ്ഞു. .ഫ്ലോറിഡയിലെ മിയാമിയിലേക്ക് ഏകദേശം 16 മണിക്കൂര്‍ നീളുന്ന ഡയറക്ട് ലോംഗ്-ഹോള്‍ വിമാനങ്ങള്‍ പറത്തിയതുള്‍പ്പെടെ വലിയ അനുഭവസമ്പത്ത് ഇവര്‍ക്കുണ്ട്. ലോകമെമ്പാടും ഒരു വലിയ വിമാനം പറത്തുക എന്നത് അവിശ്വസനീയമായ ഒരു അംഗീകാരമാണ്, വിമാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അതിലെ ആളുകളുടെ കാര്യത്തിലും ഉത്തരവാദിത്തമുണ്ടെന്ന് ഹനാന് പറയുന്നു.
ലോകമെമ്പാടും പറക്കുക, യാത്ര ചെയ്യുക എന്ന തന്റെ ആഗ്രഹം സഫലമാക്കുന്നതിനായി ബഖിത അല്‍ മെയ്രി ചെറിയ വിമാനങ്ങളില്‍ ഒരു കാഡറ്റായി പരിശീലനം നേടുകയും പിന്നീട് പതിയെ 777-ലേക്ക് മാറുകയുമായിരുന്നു. 33-കാരിയായ ഈ ക്യാപ്റ്റനും 2011-ല്‍ എമിറേറ്റ്സില്‍ ഒരു കാഡറ്റ് പൈലറ്റായാണ് തുടക്കം കുറിച്ചത്. അന്നുമുതല്‍ അവര്‍ 6,000-ത്തിലധികം മണിക്കൂറുകള്‍ വിമാനം പറത്തിയിട്ടുണ്ട്.
വലിയ സ്വപ്നങ്ങളുള്ള പെണ്‍കുട്ടികളോട് സ്വന്തം കഴിവിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ബഖിത ഉപദേശിക്കുന്നു. ‘ചില കാര്യങ്ങള്‍ മുമ്പ് ആരും ചെയ്തിട്ടില്ല എന്നത് കൊണ്ട് മാത്രം അത് അസാധ്യമാണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. 50 വര്‍ഷം കൊണ്ട് വെറുമൊരു മണല്‍ത്തരിയില്‍ നിന്ന് ബുര്‍ജ് ഖലീഫയിലേക്കും, അസാധാരണമായ ഒരു വിമാനത്താവളത്തിലേക്കും, മികച്ച ഒരു എയര്ലൈനിലേക്കും വളര്‍ന്ന രാജ്യമാണ് യുഎഇ എന്ന് നാം മനസ്സിലാക്കണം. അത് ശ്രദ്ധേയമാണ്. വെറും 50 വര്‍ഷം മാത്രം പഴക്കമുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രശംസനീയമാണ്-ബഖിത അഭിമാനത്തോടെ യുഎഇയെക്കുറിച്ച് പറഞ്ഞു. യുഎഇ പൗരന്മാര്ക്ക് എമിറേറ്റ്സില്‍ കൊമേഴ്സ്യല്‍ പൈലറ്റുമാരാകാന്‍ പഠിക്കാനും പരിശീലനം നേടാനുമുള്ള അവസരം ഈ കാഡറ്റ് പ്രോഗ്രാം നല്കുന്നു, ഒപ്പം കമ്പനിക്ക് ആവശ്യമായ പൈലറ്റുമാരെ കണ്ടെത്താനും ഇത് സഹായിക്കുന്നു.
എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിംഗ് അക്കാദമിയിലാണ് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നത്. 1993-ല്‍ ആരംഭിച്ച ഈ പ്രോഗ്രാമിലൂടെ പഠിച്ചിറങ്ങിയ നിരവധി ഇമാറാത്തി ബിരുദധാരികള്‍ ഇന്ന് എമിറേറ്റ്സിലും യുഎഇ ഏവിയേഷന്‍ വ്യവസായത്തിലുടനീളവും ക്യാപ്റ്റന്മാരും ട്രെയിനിംഗ് പൈലറ്റുമാരും നേതൃനിരയിലുള്ളവരുമായി മാറിയിട്ടുണ്ട്.