സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

മലപ്പുറം: പ്രവാസികളുടെ മേല്‍ കനത്ത സാമ്പത്തിക ഭാരം അടിച്ചേല്പിക്കുന്ന തരത്തില്‍ പാസ്പോര്‍ട്ട് സേവന നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേരള പ്രവാസി ലീഗ സമരത്തിന്. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന് മുന്നില്‍ അടുത്ത ആഴ്ച ധര്‍ണ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രവാസി ലീഗ് പ്രസിഡന്റ് ടി.എച്ച് കുഞ്ഞാലി ഹാജി, ജനറല്‍ സെക്രട്ടറി സൈഫുദ്ദീന് വലിയകത്ത് എന്നിവര്‍ അറിയിച്ചു. മുഴുവന്‍ പ്രവാസികളെയും കുടുംബങ്ങളെയും കഷ്ടപ്പെടുത്തുന്ന നടപടിയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷ പ്രതിസന്ധിയെ തുടര്‍ന്നും ആഗോള സാമ്പത്തിക മാന്ദ്യവും പ്രവാസി സമൂഹത്തെ കടുത്ത ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. എണ്ണവില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ വിലക്കയറ്റവും രൂക്ഷമാണ്. കേരളമടക്കമുള്ള മിക്കവാറും സംസ്ഥാനങ്ങളുടെ സാമ്പത്തിക നട്ടെല്ല് പ്രവാസി സമൂഹമാണ്. ഈയവസരത്തില്‍ പ്രവാസികള്‍ക്ക് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം സാമ്പത്തികമായി അധിക ഭാരം ഏല്പിച്ചിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തില്‍ മിക്കവാറും രാജ്യങ്ങള്‍ വാണിജ്യ മേഖലയില്‍ നിരവധി ഇളവുകളും പൗരന്മാര്ക്ക് ക്ഷേമവും പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ ഇടപെടല്‍ നടത്തണമെന്നാണ് പ്രവാസി ലീഗ് ആവശ്യപ്പെടുന്നത്.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ജൂലൈ 1 മുതല്‍ പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് പരിഷ്കരിച്ചതിനാല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ഇനി ഉയര്‍ന്ന തുക നല്‍കേണ്ടി വരും. യാതൊരു നീതികരണവുമില്ലാതെ പാസ്പോര്‍ട്ട് ഫീസിലെ ആദ്യത്തെ വലിയ വര്‍ദ്ധനവാണ് ഈ പരിഷ്കരണം. പുതിയ നിരക്കുകള്‍ പ്രകാരം, സാധാരണ 36 പേജുള്ള പാസ്പോര്‍ട്ട് ബുക്ക്ലെറ്റിന്റെ ഫീസ് 1,500 രൂപയില്‍ 2,500 രൂപയായി ഉയര്‍ത്തി. ഇതേ പാസ്പോര്‍ട്ടിനുള്ള തത്കാല്‍ ഫീസ് 5,000 രൂപയായി വര്‍ദ്ധിപ്പിച്ചു. 60 പേജുള്ള പാസ്പോര്‍ട്ട് ബുക്ക്ലെറ്റുകള്, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള പാസ്പോര്ട്ടുകള്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കുള്ള നിരക്കും മന്ത്രാലയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ ഫീസ് ഘടന ഇന്ത്യയിലും വിദേശത്തുമുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ബാധകമാണ്.