വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും; മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

ഷാര്‍ജ: ഉമ്മുല്‍ ഖുവൈന്‍ തീരത്തുണ്ടായ എണ്ണച്ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഷാര്‍ജയിലെ അല്‍ ഹംരിയ ബീച്ച് താല്‍ക്കാലികമായി അടച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമുദ്ര മലിനീകരണം തടയുന്നതിനുമായി മുന്‍കരുതല്‍ നടപടിയായാണ് ബീച്ച് അടയ്ക്കുന്നതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. ബീച്ചുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രത്യേക സംഘങ്ങള്‍ എമിറേറ്റില്‍ പ്രവര്‍ത്തിച്ചു വരികയാണ്. മത്സ്യത്തൊഴിലാളികളും കടലില്‍ പോകുന്നവരും അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഉമ്മുല്‍ ഖുവൈന്‍ തീരത്തുണ്ടായ എണ്ണച്ചോര്‍ച്ചയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട ഇന്ധനത്തിന് സമാനമായ രൂക്ഷഗന്ധത്തിന് കാരണമെന്ന് കാലാവസ്ഥാ വ്യതിയാനപരിസ്ഥിതി മന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു. എണ്ണച്ചോര്‍ച്ചയുടെ വ്യാപ്തിയും പാരിസ്ഥിതിക ആഘാതവും വിലയിരുത്തുന്നതിനായി ഉമ്മുല്‍ ഖുവൈനിലെ എല്ലാ ബീച്ചുകളും തീരപ്രദേശങ്ങളും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയാക്കി സുരക്ഷാസമുദ്രസംരക്ഷണ നടപടികള്‍ നിര്‍ണയിക്കുന്നതുവരെ നിയന്ത്രണം തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
ഗന്ധം ആരോഗ്യത്തിന് ഭീഷണിയല്ലെന്ന് മന്ത്രാലയം
എണ്ണച്ചോര്ച്ചയുമായി ബന്ധപ്പെട്ട ഇന്ധനഗന്ധം ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുണ്ടാക്കുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. എണ്ണയുടെ വ്യാപനം നിയന്ത്രിക്കാനും തീരപ്രദേശങ്ങളിലെ മലിനീകരണം കുറക്കാനും എണ്ണ തടയല്‍, ശുചീകരണം, മലിനീകരണനിവാരണം തുടങ്ങിയ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബീച്ചുകള്‍ അടച്ചിട്ടുള്ള പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. കടലില്‍ പോകുന്നവരും മത്സ്യത്തൊഴിലാളികളും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. എണ്ണയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അതില്‍ സ്പര്‍ശിക്കാതിരിക്കുകയും ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും വേണം.