സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

അബുദാബി: യുഎഇയുടെ പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ EDGE, ജോര്‍ദാനില്‍ നടക്കുന്ന 15ാമത് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഫോഴ്സ് എക്സിബിഷന് ആന്‍ഡ് കോണ്‍ഫറന്‍സായ SOFEX 2026ല്‍ വിവിധ മേഖലകളില്‍ ഉപയോഗിക്കാവുന്ന സ്വയംനിയന്ത്രിത പ്രതിരോധ സംവിധാനങ്ങള്‍ അവതരിപ്പിക്കും. ഒക്ടോബര്‍ 27 മുതല്‍ 29 വരെ അഖബ ഇന്റര്‍നാഷനല്‍ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പ്രദര്‍ശനം ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ രക്ഷാകര്‍തൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. ഡ്രോണുകള്‍, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍, സൈബര്‍ സുരക്ഷാ സാങ്കേതികവിദ്യകള്‍, കൃത്യതയാര്‍ന്ന ആയുധങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളാണ് EDGE പ്രദര്‍ശിപ്പിക്കുക. 2024ലെ പങ്കാളിത്തത്തിനുശേഷമുള്ള കമ്പനിയുടെ മടങ്ങിവരവ്, പ്രതിരോധ മേഖലയിലെ നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും പ്രാദേശിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് കമ്പനി അറിയിച്ചു.
നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനും ഡ്രോണുകള്‍
ചിറകുള്ളതും ഹെലികോപ്റ്റര്‍ മാതൃകയിലുള്ളതുമായ ആളില്ലാ വ്യോമസംവിധാനങ്ങള്‍ (UAS) പ്രദര്‍ശനത്തിലുണ്ടാകും. രഹസ്യാന്വേഷണം, നിരീക്ഷണം, വിവരശേഖരണം എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന ഈ സംവിധാനങ്ങള്‍ക്കൊപ്പം വ്യോമ, നാവിക, കര മേഖലകളില്‍ പിന്തുണ നല്കുന്ന ഇലക്ട്രോഓപ്റ്റിക് സംവിധാനങ്ങളും അവതരിപ്പിക്കും. ഡ്രോണുകളെ കണ്ടെത്താനും പ്രതിരോധിക്കാനും കഴിയുന്ന വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന സംവിധാനങ്ങള്‍, സൈനിക വാഹനവ്യൂഹങ്ങളുടെ സുരക്ഷയ്ക്കുള്ള റേഡിയോ ഫ്രീക്വന്‍സി ജാമിങ് സാങ്കേതികവിദ്യ, ഉപഗ്രഹ നാവിഗേഷന്‍ റിസീവറുകള്‍ക്കുള്ള ഇലക്ട്രോണിക് സംരക്ഷണം എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമാകും. അതിര്‍ത്തി നിരീക്ഷണത്തിനുള്ള സ്വയംനിയന്ത്രിത സംവിധാനങ്ങളും തിരച്ചില്രക്ഷാപ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കാവുന്ന വിമാനത്തില്‍ ഘടിപ്പിക്കുന്ന സെല്ലുലാര്‍ സംവിധാനവും അവതരിപ്പിക്കും.
ജോര്‍ദാന്‍ പ്രധാന വിപണിയാണെന്നും SOFEX ആഗോള ഉപഭോക്താക്കളുമായും പങ്കാളികളുമായും ബന്ധം ശക്തിപ്പെടുത്താനുള്ള പ്രധാന വേദിയാണെന്നും എഡ്ജ് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ അന്താരാഷ്ട്ര ബിസിനസ് ഡയറക്ടര്‍ ഹാരി ഡോസണ് പറഞ്ഞു. പ്രാദേശിക പ്രതിരോധശേഷി വികസിപ്പിക്കല്‍, സാങ്കേതിക വൈദഗ്ധ്യം വളര്‍ത്തല്‍, ദീര്‍ഘകാല വ്യവസായ സഹകരണം എന്നിവയില്‍ ജോര്‍ദാനുമായി സഹകരിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ നിലവില്‍ 100ലേറെ രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ 80 ശതമാനത്തിലധികവും യുഎഇയിലാണ് നിര്‍മിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും പരിപാലനം, അറ്റകുറ്റപ്പണി, ദീര്‍ഘകാല സാങ്കേതിക പിന്തുണ എന്നിവ ശക്തിപ്പെടുത്തുന്നതിനും കഴിയുമെന്ന് കമ്പനി വ്യക്തമാക്കി.