ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

ഡാലസ്: ലോകകപ്പ് ഫുട്ബോളില്‍ ഇനി ആ പ്രശസ്തമായ ‘സ്യൂ’ ആഘോഷം കാണാനാകില്ല. ഗോള്‍ നേടിയ ശേഷം വായുവിലേക്ക് ഉയര്‍ന്ന് കൈകള്‍ വിരിച്ച് നടത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആ ഐതിഹാസിക സെലിബ്രേഷന് ഒരു തലമുറയുടെ ഫുട്ബോള്‍ ഓര്‍മകളുടെ ഭാഗമായിരുന്നു. 2006ല്‍ ജര്‍മനിയില്‍ ആരംഭിച്ച ലോകകപ്പ് യാത്രയ്ക്ക്, 2026ല്‍ ഡാലസില്‍ വികാരഭരിതമായ സമാപനമാണ് ഉണ്ടായത്. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്പെയ്നിനോട് പരാജയപ്പെട്ടതോടെ പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. മത്സരത്തിന് മുമ്പുതന്നെ ഇതായിരിക്കും തന്റെ അവസാന ലോകകപ്പെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. അവസാന വിസില്‍ മുഴങ്ങിയതോടെ കണ്ണീരടക്കാനാവാതെ താരം പൊട്ടിക്കരഞ്ഞു. സഹതാരങ്ങള്‍ ചേര്‍ന്ന് ആശ്വസിപ്പിച്ചെങ്കിലും ലോകകപ്പ് കിരീടമെന്ന സ്വപ്നം യാഥാര്‍ഥ്യമാകാതെ അവസാനിച്ചതിന്റെ വേദന വ്യക്തമായിരുന്നു. ലോകഫുട്ബോളിലെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ റൊണാള്‍ഡോയ്ക്ക് ലോകകപ്പ് കിരീടം മാത്രമാണ് കൈവിട്ടുപോയ പ്രധാന നേട്ടം. ഡാലസിലെ ഗാലറിയിലുണ്ടായിരുന്ന ആയിരക്കണക്കിന് ആരാധകരും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോള്‍ പ്രേമികളും വികാരഭരിതരായ നിമിഷങ്ങളായിരുന്നു അത്. കഴിഞ്ഞ ദിവസം ബ്രസീല്‍ പുറത്തായതിന് പിന്നാലെ നെയ്മര്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ മറ്റൊരു ഇതിഹാസവും ലോകകപ്പിനോട് വിടപറയുകയാണ്. ആറ് ലോകകപ്പുകളുടെ അപൂര്‍വ യാത്ര 2006ല്‍ ഇരുപത്തിയൊന്നാം വയസ്സില്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച റൊണാള്‍ഡോ പിന്നീട് 2010, 2014, 2018, 2022, 2026 എന്നീ ആറു ലോകകപ്പുകളിലും പോര്‍ച്ചുഗലിന്റെ പ്രധാന ശക്തിയായി. 2010 മുതല്‍ ടീമിന്റെ നായകനായ അദ്ദേഹം പോര്‍ച്ചുഗീസ് ഫുട്ബോളിന്റെ മുഖമായി മാറി. തുടര്‍ച്ചയായി ആറു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ഏക പുരുഷ ഫുട്ബോള്‍ താരമെന്ന അപൂര്‍വ നേട്ടവും അദ്ദേഹത്തിന്റെ പേരിലാണ്. ആറ് ലോകകപ്പുകളില്‍ നിന്ന് ആകെ 11 ഗോളുകള്‍ നേടിയ റൊണാള്‍ഡോ, ഇത്തവണ മൂന്ന് തവണ വലകുലുക്കി. 2018ല്‍ സ്പെയ്നിനെതിരായ ഹാട്രിക്കും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
2006ലെ ലോകകപ്പില്‍ പോര്‍ച്ചുഗലിനെ സെമിഫൈനലിലെത്തിച്ച് നാലാം സ്ഥാനത്തെത്തിച്ചതാണ് ലോകകപ്പ് വേദിയിലെ അദ്ദേഹത്തിന്റെ മികച്ച ടീം നേട്ടം.
സ്പെയ്നിനെതിരായ പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ വിജയത്തിലേക്ക് നയിക്കാനായിരുന്നു റൊണാള്‍ഡോയുടെ ശ്രമം. എന്നാല്‍ ഇഞ്ചുറി ടൈമില്‍ മൈക്കല്‍ മെറിനോ നേടിയ ഏക ഗോളില്‍ സ്പെയ്ന്‍ വിജയം സ്വന്തമാക്കി. മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് 19 തവണ മാത്രമാണ് പന്തില്‍ സ്പര്‍ശിക്കാനായത്. മൂന്ന് ഷോട്ടുകള്‍ ലക്ഷ്യമിട്ടതില്‍ രണ്ടെണ്ണം ഗോള്മുഖത്തേക്കായിരുന്നു. 12 പാസുകളില്‍ 10 എണ്ണം വിജയകരമായി പൂര്‍ത്തിയാക്കി. ആദ്യപകുതിയില്‍ ലഭിച്ച മികച്ച അവസരങ്ങളും സ്പാനിഷ് ഗോള്‍കീപ്പര്‍ തടഞ്ഞതോടെ ലോകകപ്പ് സ്വപ്നത്തിന് തിരശ്ശീല വീണു. നാല്പ്പത്തൊന്നാം വയസ്സില്‍ ലോകകപ്പ് വേദിയോട് വിടപറയുന്ന റൊണാള്‍ഡോയുടെ കരിയര്‍ കിരീടമില്ലാതെയായിരിക്കാം അവസാനിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പോരാട്ടവീര്യവും റെക്കോര്‍ഡുകളും ഫുട്ബോളിനോടുള്ള സമര്‍പ്പണവും ചരിത്രത്തില്‍ എന്നും സുവര്‍ണലിപികളില്‍ രേഖപ്പെടുത്തപ്പെടും. ലോകകപ്പ് വേദിയിലെ ഏഴാം നമ്പര്‍ ജഴ്സിയുടെ യുഗത്തിന് ഇതോടെ സമാപനമായി.