ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

സൂറിച്ച്: ലോക ഫുട്ബോളിനെ വാണിജ്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്. വലിയ ചര്‍ച്ചക്കും വിവാദത്തിനും വഴിവെക്കുന്ന പുതിയ പദ്ധതിയുമായി ഫിഫ മുന്നോട്ട് വന്നതായാണ് റിപ്പോര്‍ട്ട്. ലോകകപ്പ് ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്റുകളുടെ വാണിജ്യാവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്പനി രൂപീകരിച്ച് അതിലെ ഓഹരികളുടെ ഒരു ഭാഗം സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള നീക്കമാണ് ഫിഫ പരിഗണിക്കുന്നത്. ഈ പദ്ധതിക്കെതിരെ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷനായ-യൂഫ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, FIFA Forward Enterprise (FFE) എന്ന പേരില്‍ പുതിയ വാണിജ്യ സ്ഥാപനം രൂപീകരിക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്. പുരുഷവനിതാ ലോകകപ്പ്, ക്ലബ് ലോകകപ്പ് എന്നിവയുടെ സംപ്രേഷണാവകാശം, സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റിംഗ്, ലൈസന്‍സിംഗ് തുടങ്ങിയ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഈ കമ്പനിയുടെ കീഴിലാകും. കമ്പനിയിലെ ഏകദേശം 20 ശതമാനം വരെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് നല്‍കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഈ സംരംഭത്തിലൂടെ ലഭിക്കുന്ന വരുമാനം ലോകമെമ്പാടുമുള്ള അംഗരാജ്യങ്ങളിലെ ഫുട്ബോള്‍ വികസനത്തിനായി കൂടുതല്‍ സാമ്പത്തിക സഹായമായി വിനിയോഗിക്കാനാകുമെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ നിലപാട്.
അതേസമയം, ഫുട്ബോളിന്റെ വാണിജ്യ മേഖലയില്‍ സ്വകാര്യ നിക്ഷേപകരുടെ സ്വാധീനം വര്‍ധിക്കുന്നത് കായികരംഗത്തിന്റെ ഭരണപരമായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്കയാണ് യൂഫ ഉയര്‍ത്തുന്നത്. ഇത്രയും നിര്‍ണായകമായ പദ്ധതിയെക്കുറിച്ച് യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനകളുമായോ ദേശീയ ഫെഡറേഷനുകളുമായോ വേണ്ടത്ര കൂടിയാലോചന നടത്തിയിട്ടില്ലെന്നും യൂഫ ആരോപിക്കുന്നു. ഫുട്ബോളിന്റെ നിയന്ത്രണവും ഭാവിയും സാമ്പത്തിക നിക്ഷേപകരുടെ താല്പര്യങ്ങള്ക്ക് വിട്ടുകൊടുക്കാന്‍ പാടില്ലെന്നാണ് നിലപാട്. മറ്റ് ചില ഭൂഖണ്ഡ ഫുട്ബോള്‍ സംഘടനകളും പദ്ധതിയെക്കുറിച്ച് കൂടുതല്‍ വ്യക്തതയും സുതാര്യതയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഫുട്ബോളിന്റെ നിയമനിര്‍മാണം, ടൂര്‍ണമെന്റുകളുടെ നടത്തിപ്പ്, ആതിഥേയ രാജ്യങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ എല്ലാ ഭരണപരമായ അധികാരങ്ങളും ഫിഫയുടെ നിയന്ത്രണത്തില്‍ തന്നെ തുടരുമെന്നും സ്വകാര്യ നിക്ഷേപകര്‍ക്ക് വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രമായിരിക്കും പങ്കാളിത്തമെന്നും ഫിഫ വിശദീകരിച്ചു. ഫിഫയുടെ ഈ നിര്‍ദ്ദേശം അംഗരാജ്യങ്ങളുടെ അംഗീകാരത്തിന് വിധേയമാണ്. എന്നാല്‍ UEFAയുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ ലോക ഫുട്ബോളിന്റെ ഭാവിയെ സ്വാധീനിക്കാവുന്ന വലിയ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഈ വിഷയം വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.