ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു

2026ന്റെ ആദ്യ പകുതിയില്‍ 11,696 പേര്‍ക്ക് അഭയവും സമഗ്ര സേവനങ്ങളും നല്കി ജിഡിആര്‍എഫ്എ
ദുബൈ: വിവിധ കാരണങ്ങളാല്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയാതെ പ്രതിസന്ധിയിലാകുന്ന വിദേശികള്‍ക്ക്, സുരക്ഷിതമായ അഭയവും സമഗ്രമായ മാനുഷിക പരിചരണവും ഉറപ്പാക്കി ജിഡിആര്‍എഫ്എ ദുബൈയുടെ സെന്റര്‍ ഫോര്‍ ഹാര്‍ബറിംഗ്. മനുഷ്യസ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ഭരണസമീപനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അല്‍ അവീറിലെ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സെന്ററിന്റെ പ്രവര്‍ത്തന സംവിധാനങ്ങളും സമഗ്ര സേവനങ്ങളും മേധാവി ലഫ്: ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വിശദീകരിച്ചു. ചടങ്ങില്‍ ദുബൈ പൊലീസ് ക്രിമിനല്‍ അഫയേഴ്സ് ഡെപ്യൂട്ടി കമാന്‍ഡര്‍ഇന്‍ചീഫ് മേജര്‍ ജനറല്‍ ഹാരിബ് മുഹമ്മദ് അല്‍ ഷംസി, ജി.ഡി.ആര്.എഫ്.എ ദുബായിലെ എന്‍ട്രി പെര്‍മിറ്റ്സ് ആന്‍ഡ് റെസിഡന്‍സി സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഖലഫ് അഹമ്മദ് അല്‍ ഗൈത്ത്, നിയമലംഘകരുടെയും വിദേശികളുടെയും ഫോളോഅപ്പ് സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. അലി ബിന്‍ അജിഫ് അല്‍ സാബി എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
മനുഷ്യത്വപരമായ മൂല്യങ്ങളെ സുസ്ഥിരമായ സ്ഥാപന സംവിധാനങ്ങളാക്കി മാറ്റുന്ന ദുബൈയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് സെന്റര്‍ ഫോര്‍ ഹാര്‍ബറിംഗ്. വ്യക്തികളിലും സമൂഹത്തിലും ഗുണപരമായ മാറ്റം സൃഷ്ടിക്കുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പ്രതിസന്ധിയിലായ വ്യക്തികള്‍ക്ക് സുരക്ഷിതമായ താമസവും ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പാക്കുകയാണ് കേന്ദ്രത്തിന്റെ പ്രധാന ദൗത്യം. ഓരോ കേസും പ്രത്യേക സംഘങ്ങള്‍ പ്രത്യേകം പിന്തുടരുകയും ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും എംബസികളുമായും കോണ്‍സുലേറ്റുകളുമായും ഏകോപനം നടത്തി ആവശ്യമായ രേഖകളും നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.
പ്രതിസന്ധിയിലായവര്‍ക്ക് വിവിധ സംവിധാനങ്ങള്‍ക്കായി ഒമ്പത് പ്രധാന സേവനങ്ങളാണ് സെന്റര്‍ നല്‍കുന്നത്. പൂര്‍ണസജ്ജമായ മെഡിക്കല്‍ ക്ലിനിക്കുകളിലൂടെയുള്ള ആരോഗ്യപരിചരണം, സാമൂഹികവും മാനുഷികവുമായ പിന്തുണ, വ്യക്തിഗത പരിചരണ സേവനങ്ങള്‍, വിലപിടിപ്പുള്ള വസ്തുക്കളുടെയും വ്യക്തിഗത സാധനങ്ങളുടെയും സുരക്ഷിത സംരക്ഷണം, സുരക്ഷാ സേവനങ്ങള്‍, ബോധവല്ക്കരണവിനോദ പരിപാടികള്‍, താമസ സൗകര്യവും ഭക്ഷണ വിതരണവും, എംബസികളുമായും കോണ്‍സുലേറ്റുകളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപനം നടത്തി യാത്രാ രേഖകളും പുറപ്പെടല്‍ അനുമതികളും ലഭ്യമാക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, പ്രത്യേക കമ്പനികളുമായി സഹകരിച്ച് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, യാത്രാ ക്രമീകരണങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍ ഒരുക്കല്‍, യു.എ.ഇയില്‍ നിന്നുള്ള മടക്കയാത്ര സുഗമമാക്കല്‍ തുടങ്ങിയ നടപടികളും കേന്ദ്രം ഏകോപിപ്പിക്കുന്നു. ഇതിലൂടെ യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
2026ന്റെ ആദ്യ ആറുമാസത്തെ പ്രവര്‍ത്തനത്തില്‍ 11,696 പേര് കേന്ദ്രത്തിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. ഇതേ കാലയളവില്‍ 11,696 വിമാന ടിക്കറ്റുകള്‍ ക്രമീകരിക്കുകയും വിവിധ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളുമായി സഹകരിച്ച് 4,568 യാത്രാ രേഖകള്‍ ലഭ്യമാക്കുകയും ചെയ്തു. കൂടാതെ 11,696 പ്രാഥമിക ആരോഗ്യ പരിശോധനകള്‍, 1,906 വിദഗ്ധ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍, 3,22,232 ഭക്ഷണ വിതരണങ്ങള്‍ എന്നിവയും നടത്തി. പ്രതിസന്ധിയിലായ ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ സമഗ്രമായി പരിഗണിച്ചാണ് കേന്ദ്രത്തിന്റെ സേവനങ്ങള്‍ ഒരുക്കുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. മനുഷ്യനെ വികസനത്തിന്റെ കേന്ദ്രബിന്ദുവായി കാണുകയും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണനയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന യു.എ.ഇ നേതൃത്വത്തിന്റെ ദര്‍ശനത്തില്‍ നിന്നാണ് ദുബൈയുടെ മാനുഷിക സമീപനം രൂപപ്പെട്ടതെന്ന് ജിഡിആര്‍എഫ്എ മേധാവി ലഫ്: ജനറല്‍ മുഹമ്മദ് അല്‍ മര്‍റി പറഞ്ഞു. മാനുഷിക കേസുകള്‍ക്ക് വേഗത്തിലും പ്രായോഗികമായും പരിഹാരം കണ്ടെത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത സമഗ്ര പ്രവര്‍ത്തന സംവിധാനമാണ് സെന്ററെന്ന് നിയമലംഘകരുടെയും വിദേശികളുടെയും ഫോളോഅപ്പ് സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. അലി ബിന്‍ അജിഫ് അല്‍ സാബി പറഞ്ഞു. പ്രതിസന്ധിയിലായ വ്യക്തികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറ്റവും ഉയര്‍ന്ന കാര്യക്ഷമതയോടെ പരിഹരിക്കുകയും, അവര്‍ യു.എ.ഇ വിടുന്നതുവരെ അവരുടെ അന്തസ്സ് സംരക്ഷിക്കുന്ന സമഗ്രമായ മാനുഷിക അനുഭവം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
