`ബിജെപി ഭരണം ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചു: പൂര്‍വസ്ഥിതിയിലാക്കാന്‍ കഠിനാധ്വാനം വേണ്ടി വരും’

ന്യൂഡല്‍ഹി: കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ ബിജെപി-ആര്‍എസ്എസ് ഭരണം ഇന്ത്യയുടെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും കനത്ത ആഘാതം ഏല്‍പ്പിച്ചുവെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. മോദി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞാലും തകര്‍ന്ന സംവിധാനങ്ങളെ പൂര്‍വസ്ഥിതിയിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് കഠിനാധ്വാനവും വളരെയധികം സമയവും വേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി. ഉടന്‍ പുറത്തിറങ്ങുന്ന ആത്മകഥ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തെക്കുറിച്ച് ദ് ഹിന്ദു പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്.
ഞാന്‍ അത്ര നിരാശയോടെയല്ല ഇതിനെ കാണുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കോണ്‍ഗ്രസിനോ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ തുല്യമായ അവസരങ്ങളോ നീതിയോ ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പു കമ്മിഷന് ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു മേലുള്ള ഇവരുടെ സമ്പൂര്‍ണ ആധിപത്യം, മുഖ്യധാരാ മാധ്യമങ്ങളുടെ നിയന്ത്രണം, പണക്കൊഴുപ്പ്, മതത്തെ ദുരുപയോഗം ചെയ്യല്‍ എന്നിവയെല്ലാം കണക്കിലെടുക്കണം. എന്നിട്ടും ഞങ്ങളുടെ പാര്‍ട്ടി പൊരുതുകയും മുന്നേറുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന പല തിരഞ്ഞെടുപ്പുകളിലും അവര്‍ നേടിയത് മോഷ്ടിക്കപ്പെട്ട വിജയമാണെന്നു വ്യക്തമായി തെളിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്കിപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ ബോധ്യമുണ്ട്. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഹകരിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്. ഞങ്ങളുടെ വിജയസാധ്യത ഓരോ ദിവസവും മെച്ചപ്പെടുന്നുണ്ട്.” സോണിയ വ്യക്തമാക്കി.