ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

ലോകകപ്പ് സ്വകാര്യ നിക്ഷേപകര്‍ക്ക് വിറ്റഴിക്കുന്ന പദ്ധതി മുന്നോട്ടുപോയാല്‍ ഫിഫ ടൂര്‍ണമെന്റുകള്‍ ബഹിഷ്കരിക്കുമെന്ന് യുവേഫ. ഫിഫയുടെ ലോകകപ്പും മറ്റ് പ്രധാന ടൂര്‍ണമെന്റുകളും സ്വകാര്യ നിക്ഷേപകര്‍ക്ക് ഭാഗികമായി കൈമാറാനുള്ള പദ്ധതി നടപ്പാക്കിയാല്‍, ഫിഫയുടെ എല്ലാ മത്സരങ്ങളും ബഹിഷ്കരിക്കുമെന്ന് യൂറോപ്യന്‍ ഫുട്ബോളിന്റെ ഭരണസമിതിയായ യുവേഫ (UEFA) പ്രഖ്യാപിച്ചു. അടിയന്തര യോഗത്തിന് ശേഷമാണ് ഈ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. യുവേഫയിലെ 55 അംഗ ദേശീയ അസോസിയേഷനുകളും ഏകകണ്ഠമായി ഈ തീരുമാനത്തെ പിന്തുണച്ചു. പദ്ധതിപ്രകാരം ലോകകപ്പും മറ്റ് ഫിഫ ടൂര്‍ണമെന്റുകളും നിയന്ത്രിക്കാന്‍ 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു പുതിയ ഉപസ്ഥാപനം രൂപീകരിക്കും. അതിന്റെ 20 ശതമാനം വരെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കും. ഇതിലൂടെ ഏകദേശം 4.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യം. ഈ തുക ഫിഫയുടെ അംഗരാജ്യങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്ന് ഫിഫ അറിയിച്ചു. അതേസമയം യുവേഫ പറയുന്നത് ലോകകപ്പ് ഒരു നിക്ഷേപ ഉല്പ്പന്നമല്ലെന്നാണ്. ഫുട്ബോളിന്റെ പൈതൃകം സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ യുവേഫ ഫിഫയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഇത്തരമൊരു നിര്‍ണായക തീരുമാനം രഹസ്യമായി തയ്യാറാക്കി. ബന്ധപ്പെട്ട ഫുട്ബോള്‍ സംഘടനകളുമായി യാതൊരു അര്‍ഥവത്തായ കൂടിയാലോചനയും നടത്തിയില്ല. ഇത് നേതൃത്വപരമായ വലിയ പരാജയവും ലോക ഫുട്ബോളിന്റെ സംരക്ഷകനെന്ന നിലയിലെ ഉത്തരവാദിത്തം ഉപേക്ഷിച്ചതുമാണ്. ഈ പദ്ധതി പൂര്‍ണമായും പിന്‍വലിക്കുകയും ഭാവിയില്‍ ഇത്തരം സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ ഉണ്ടാകില്ലെന്ന് ഫിഫ ഉറപ്പ് നല്‍കുകയും ചെയ്യുന്നതുവരെ, യുവേഫയിലെ ഒരു ദേശീയ ടീമും ഫിഫയുടെ ഒരു മത്സരത്തിലും പങ്കെടുക്കില്ല. പക്ഷെ, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറയുന്നു ഇത് അന്തിമ തീരുമാനമല്ലെന്നും ഒരു നിര്‍ദ്ദേശം മാത്രമാണെന്നാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി വരുന്ന പക്ഷം ഫിഫ ഈ വിഷയത്തില്‍ നിന്നും പിന്മാറാനാണ് സാധ്യത.