യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെഇഎം) സ്ഥാപകനും തലവനുമായ മസൂദ് അസ്ഹറിനെക്കുറിച്ച് വിവരം നല്കിയാല് 70 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പാക്കിസ്ഥാന്. ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. 58കാരനായ മസൂദ് അസര്‍ അഫ്ഗാനിസ്ഥാനിലാണെന്നാണ് പാക്കിസ്ഥാന് പറയുന്നത്. മുന്‍പ് പ്രഖ്യാപിച്ചിരുന്ന 20 ലക്ഷം പാകിസ്ഥാനി രൂപയില്‍ നിന്നാണ് ഇനാം തുക 70 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ഉള്‍പ്പെടെ നടത്തിയ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഐക്യരാഷ്ട്രസംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹര്‍. പാകിസ്ഥാന് കേന്ദ്രീകരിച്ചാണ് ജെഇഎം ഭീകരസംഘടന പ്രവര്‍ത്തിക്കുന്നത്. ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ കനത്ത ബോംബാക്രമണം നടത്തിയ പ്രധാന കേന്ദ്രങ്ങളിലൊന്നായ ബഹാവല്പൂരാണ് പരമ്പരാഗതമായി ജെഇഎം ആസ്ഥാനം.
അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഏറെക്കാലമായി തിരയുന്ന പ്രധാന കുറ്റവാളിയാണ് മസൂദ് അസ്ഹര്‍. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ആക്രമണം, 2019ലെ പുല്‍വാമ ബോംബാക്രമണം എന്നിവയില്‍ ഇയാളുടെ സംഘടനയ്ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. കൂടാതെ, 2025 നവംബര്‍ 10ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെത്തുടര്‍ന്നും ഇയാളുടെ പേര് ഉയര്‍ന്നുവന്നിരുന്നു. പാരീസില്‍ ഒക്ടോബര്‍ 26 മുതല്‍ 30 വരെ നടക്കുന്ന എഫ്എടിഎഫ് പ്ലീനറി യോഗത്തിന് മുന്നോടിയായാണ് പാകിസ്ഥാന്റെ നീക്കം. ഭീകരവാദ ഫണ്ടിംഗും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതില്‍ രാജ്യങ്ങള്‍ വരുത്തുന്ന പുരോഗതി എഫ്എടിഎഫ് വിലയിരുത്താനിരിക്കെയാണ് ഈ നടപടി.