സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

അബുദാബി: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് മലയാളം മിഷന് ആഗോളതലത്തില്‍ സംഘടിപ്പിച്ചുവരുന്ന ആറാമത് ‘സുഗതാഞ്ജലി കാവ്യാലാപനമത്സര’ത്തിന്റെ മുന്നോടിയായി അബുദാബി ചാപ്റ്റര്‍തല മത്സരം സംഘടിപ്പിച്ചു.
മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ അബുദാബി മലയാളി സമാജം മേഖലയിലെ മാധവ് സന്തോഷ്, ജൂനിയര്‍ വിഭാഗത്തില്‍ സമാജം മേഖലയിലെ ദില്‍ഷ ഷാജിത്ത്, സബ് ജൂനിയര്‍ വിഭാഗത്തില്‍ അല്‍ ദഫ്റ മേഖലയിലെ വിന്യ വിഷ്ണു ഒന്നാം സമ്മാനാര്‍ഹരായി. സീനിയര്‍ വിഭാഗത്തില്‍ അഞ്ജലി വെത്തൂര്‍ (സമാജം മേഖല) രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ അദിതി സുധീഷ്കുമാര്‍ പിള്ളൈ (കേരള സോഷ്യല്‍ സെന്റര്‍ മേഖല), ദേവി തരുണിമ പ്രഭു (സമാജം മേഖല) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ സമാജം മേഖലയിലെ തന്മയ ശ്രീജിത്ത് രണ്ടാം സ്ഥാനം നേടിയപ്പോള്‍ കെ. എസ്. സി. മേഖലയിലെ വേദിക മാധവിനാണ് മൂന്നാം സ്ഥാനം. സമാജം, കെ. എസ്. സി., അല്‍ ദഫ്റ. അബുദാബി സിറ്റി, ഷാബിയ മേഖലകളിലെ വിദ്യാര്‍ത്ഥികളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്.
സുഗതകുമാരി, കുമാരനാശാന്, വൈലോപ്പിള്ളി, ഇടശ്ശേരി, ചങ്ങമ്പുഴ, ബാലാമണിയമ്മ, ഒഎന്‍വി എന്നിവരുടെ കവിതകളാണ് പിന്നിട്ട മത്സരങ്ങളില്‍ പരിഗണിച്ചിരുന്നതെങ്കില്‍ ഇത്തവണ കടമ്മനിട്ടയുടെ കവിതകളായിരുന്നു മത്സരത്തിനായി തെരഞ്ഞെടുത്തത്.
പഠനകേന്ദ്രങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത അഞ്ച് മേഖലകളില്‍ നടന്ന മേഖലാതല മത്സരങ്ങളില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവരായിരുന്നു ചാപ്റ്റര്‍തല മത്സരത്തില്‍ മാറ്റുരച്ചത്. ഈ മത്സരവിജയികളാണ് ആഗോളതല മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച മത്സരാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ കടമ്മനിട്ട കവിതകള്‍ കൊണ്ട് കാവ്യമഴ തീര്‍ക്കുകയായിരുന്നു. എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും കവികളുമായ ഡോ. ഹസീന ബീഗം, ദേവി രാഘവന്, ജുബൈര്‍ വെള്ളാടത്ത് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
മത്സരത്തോടനുബന്ധിച്ച് മലയാളം മിഷന് അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനം ചാപ്റ്റര്‍ ചെയര്മാന് എ. കെ ബീരാന്‍കുട്ടി മത്സരം ഉദ്ഘാടനം ചെയ്തു. മേഖല കോര്‍ഡിനേറ്റര്‍മാരായ ബിന്‍സി ലെനിന്, പ്രീത നാരായണന്, രമേശ് ദേവരാഗം, ഷൈനി ബാലചന്ദ്രന് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. മലയാളം മിഷന് അബുദാബി ചാപ്റ്റര്‍ സെക്രട്ടറി ബിജിത് കുമാര്‍ സ്വാഗതവും കണ്‍വീനര്‍ രമേശ് ദേവരാഗം നന്ദിയും പറഞ്ഞു.