യുഎഇയില്‍ മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യത; വരും ദിവസങ്ങളില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ 2026 ഒക്ടോബറിലെ ഇന്ധനനിരക്കുകള്‍ പ്രഖ്യാപിച്ചതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധനവ്. ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്കുകള്‍ പ്രകാരം, കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രാജ്യത്തെ ഇന്ധനവിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാത്തരം പെട്രോള്‍ ഇനങ്ങള്‍ക്കും ഡീസലിനും ലിറ്ററിന് 4 ദിര്‍ഹത്തിന് മുകളിലാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഫെബ്രുവരി 28-ന് മധ്യപൂര്‍വേഷ്യന്‍ മേഖലയില്‍ യുദ്ധവും സംഘര്‍ഷങ്ങളും പൊട്ടിപ്പുറപ്പെട്ടത് മുതല്‍ യുഎഇയിലെ ചില്ലറ വില്‍പ്പന ഇന്ധനവില കുതിച്ചുയരുകയായിരുന്നു. ഫെബ്രുവരിക്കും ജൂണിനും ഇടയില്‍ ഇന്ധനവിലയില്‍ 60 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഉണ്ടായത്. തുടര്‍ന്ന് ജൂലൈ മാസത്തില്‍ നിരക്കുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇന്ധനവില വീണ്ടും തുടര്‍ച്ചയായി ഉയരുകയായിരുന്നു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതും, മേഖലയിലെ സംഘര്‍ഷങ്ങള്‍ കാരണം വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളുമാണ് യുഎഇ ഇന്ധനവില നിര്‍ണയ സമിതിയെ നിരക്കുകള്‍ വീണ്ടും ഉയര്‍ത്താന്‍ പ്രേരിപ്പിച്ചത്.
ഇന്ധനനിരക്കുകള്‍ നാല് ദിര്‍ഹത്തിന് മുകളിലേക്ക് ഉയര്‍ന്നത് രാജ്യത്തെ സാധാരണക്കാരായ വാഹന ഉടമകള്‍ക്കും, ഗതാഗത-ലോജിസ്റ്റിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും കനത്ത സാമ്പത്തിക ഭാരമായി മാറും. ടാക്സി നിരക്കുകളിലും നിത്യോപയോഗ സാധനങ്ങളുടെ കടത്തുകൂലിയിലും ഇത് പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്.
പുതിയ നിരക്ക്:
സൂപ്പര്‍ 98 പെട്രോള്‍: ലിറ്ററിന് 4.40 ദിര്‍ഹം (സെപ്റ്റംബറിലെ നിരക്ക്: 3.80 ദിര്‍ഹം)
സ്പെഷ്യല്‍ 95 പെട്രോള്‍: ലിറ്ററിന് 4.28 ദിര്‍ഹം (സെപ്റ്റംബറിലെ നിരക്ക്: 3.69 ദിര്‍ഹം)
ഇ-പ്ലസ് 91 പെട്രോള്‍: ലിറ്ററിന് 4.21 ദിര്‍ഹം (സെപ്റ്റംബറിലെ നിരക്ക്: 3.61 ദിര്‍ഹം)
ഡീസല്‍: ലിറ്ററിന് 4.80 ദിര്‍ഹം (സെപ്റ്റംബറിലെ നിരക്ക്: 4.30 ദിര്‍ഹം)