യുഎഇയില്‍ മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യത; വരും ദിവസങ്ങളില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പ്

ദുബൈ: യുഎഇയില്‍ തൊഴില്‍ തേടുന്നവരെയും അധിക വരുമാനം ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ട് വ്യാപകമാകുന്ന വ്യാജ പാര്‍ട്ട് ടൈം തൊഴില്‍ വാഗ്ദാനങ്ങള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ദുബൈ പോലീസ്. തൊഴിലന്വേഷകരുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്താനും, അവരെ ഉപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തിക്കാനും ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളാണ് സജീവമായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്ററാണ് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഔദ്യോഗിക ചാനലുകള്‍ വഴി മാത്രം തൊഴില്‍ദാതാക്കളെ സ്ഥിരീകരിക്കണമെന്നും, ഒരു കാരണവശാലും ബാങ്കിംഗ് വിവരങ്ങളോ വണ്‍-ടൈം പാസ്വേഡുകളോ (ഒടിപി) പങ്കിടരുതെന്നും, ജോലി ലഭിക്കുന്നതിനായി പണം നല്‍കരുതെന്നും മുന്നറിയിപ്പ് നല്കി.
അധിക വരുമാനം ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വ്യാജ പരസ്യങ്ങളിലൂടെയാണ് തട്ടിപ്പുകാര്‍ ഇരകളെ കണ്ടെത്തുന്നത്. വ്യക്തികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് കമ്മീഷന് വാഗ്ദാനം ചെയ്ത് ആ തുക മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയുമാണ് പ്രധാന തട്ടിപ്പ് രീതി. ഇത്തരം രീതികള്‍ വഴി ആളുകള്‍ അറിയാതെ തന്നെ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി മാറുന്നുണ്ടെന്ന് ആന്റി ഫ്രോഡ് സെന്റര്‍ മുന്നറിയിപ്പ് നല്കി. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ അത്തരക്കാരുമായുള്ള ബന്ധം വിച്ഛേദിക്കണം.
നിയമപരമായി ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ മാത്രമേ യഥാര്‍ത്ഥ പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്യുകയുള്ളൂ. ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് സ്ഥാപനങ്ങളുടെ മേല്‍വിലാസവും ഐഡന്റിറ്റിയും കൃത്യമായി പരിശോധിക്കണം. സോഷ്യല്‍ മീഡിയയിലോ ആപ്പുകളിലോ വരുന്ന അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ഇത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകാന്‍ ഇടയാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.