യുഎഇയില്‍ ആത്മഹത്യാശ്രമം കുറ്റകൃത്യമല്ലാതാക്കി; ചരിത്രപരമായ നിയമപരിഷ്കാരം

അബുദാബി: യുഎഇയില്‍ ആത്മഹത്യാശ്രമങ്ങളെ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച പുതിയ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തി. മുന്‍പ് ശിക്ഷാര്ഹമായിരുന്ന ആത്മഹത്യാശ്രമങ്ങളെ ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കുകയും, പകരം ഇത്തരം സാഹചര്യങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് ആവശ്യമായ മാനസികാരോഗ്യ പിന്തുണയും പുനരധിവാസ സൗകര്യങ്ങളും ഉറപ്പാക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം.
പുതിയ ഭേദഗതി പ്രകാരം ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വ്യക്തികളെ ക്രിമിനല്‍ കോടതികളില്‍ വിചാരണ ചെയ്യുന്നതിന് പകരം, വൈദ്യസഹായത്തിനും മാനസികാരോഗ്യ ചികിത്സയ്ക്കുമായി ആശുപത്രികളിലേക്കും പ്രത്യേക പുനരധിവാസ കേന്ദ്രങ്ങളിലേക്കും അയക്കും.
അതേസമയം, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കോ അത്തരം പ്രവൃത്തികള്‍ക്ക് സഹായം നല്കുന്നവര്ക്കോ എതിരെ കര്‍ശനമായ നിയമനടപടികളും ജയില്‍ ശിക്ഷയും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷകളും തുടരുമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്കും മാനസികാരോഗ്യ സംരക്ഷണത്തിനും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് യുഎഇ ഭരണകൂടം ഈ ചരിത്രപരമായ നിയമപരിഷ്കാരം നടപ്പിലാക്കിയത്.