ദുബൈയില്‍ ഷെയര്‍ഡ് താമസത്തിന് അനുമതിയുള്ള മേഖലകള്‍ പ്രഖ്യാപിച്ചു

ദുബൈ: ദുബൈയില്‍ ഷെയര്‍ഡ് അക്കോമഡേഷന്‍ അനുവദിക്കുന്നതും നിയന്ത്രണമേര്പ്പെടുത്തിയതുമായ പ്രദേശങ്ങളുടെ പട്ടിക ദുബൈ മുനിസിപ്പാലിറ്റി പുറത്തുവിട്ടു. പുതിയ ചട്ടപ്രകാരം ചില പ്രദേശങ്ങളില്‍ മുഴുവന്‍ മേഖലയിലും ഷെയര്‍ഡ് താമസം അനുവദിക്കും. മറ്റു ചില പ്രദേശങ്ങളില്‍ മുനിസിപ്പാലിറ്റി നിര്‍ദേശിച്ച പ്രത്യേക ഭാഗങ്ങളില്‍ മാത്രമാണ് അനുമതി. മുഴുവന്‍ മേഖലയിലും ഷെയര്‍ഡ് ഹൗസിങ് അനുവദിക്കുന്ന പ്രദേശങ്ങള്‍: അല്‍ റാസ്, അല്‍ ദഗാത (ദേര), അല്‍ ബത്തീന്‍, സബ്ഖ, എയാല്‍ നാസര്‍, അല്‍ മുറാര്‍, നായിഫ്, അല്‍ റിഗ്ഗ, അല്‍ മുത്തീന, അല്‍ മുറഖബാത്ത്, റിഗ്ഗ അല്‍ ബത്തീന്‍ (ദുബൈ ക്രീക്കിന് സമീപം), ഹോര് അല്‍ അന്‍സ്, അല്‍ വഹീദ (ദേര), അല്‍ റാഷിദിയ, അല്‍ നഹ്ദ 1, അല്‍ ഖുസൈസ്, അല്‍ ത്വാര്‍ 5, അല്‍ നഹ്ദ 2, മുഐസ്ന 4, സൂഖ് കബീര്‍, ഉം ഹുറൈര്‍ 1, 2, അല്‍ റഫാ, കരാമ, ഊദ് മേത്ത, ജുമൈറ 1, അല്‍ ബദാ, അല്‍ ബര്‍ഷ 1, അല്‍ വര്‍ഖ 1 എന്നിവിടങ്ങളില്‍ മുഴുവനായും ഷെയര്‍ഡ് താമസം അനുവദിക്കും. ചില പ്രദേശങ്ങളില്‍ പ്രത്യേക ഭാഗങ്ങളില്‍ മാത്രം: അബു ഹയില്‍, അല്‍ ബറാഹ, അല്‍ ഹംരിയ, മങ്കൂള്‍, അല്‍ ജാഫിലിയ, അല്‍ ഹുദൈബിയ, അല്‍ സത്വ എന്നിവിടങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ള പ്രത്യേക ഭാഗങ്ങളില്‍ മാത്രമാണ് ഷെയര്‍ഡ് ഹൗസിങ് അനുവദിക്കുക.
ചില പ്രധാന ടൂറിസം, വാണിജ്യ റോഡുകളോട് ചേര്‍ന്നുള്ള പ്ലോട്ടുകളില്‍ വ്യക്തിഗത ഷെയര്‍ഡ് അക്കോമഡേഷന്‍ നിയന്ത്രണമുണ്ട്. ശൈഖ് സായിദ് റോഡ്, ജുമൈറ റോഡ്, അല്‍ വസല്‍ റോഡ്, ബനിയാസ് റോഡ് എന്നിവിടങ്ങളില്‍ വ്യക്തികള്‍ക്കായുള്ള ഷെയര്‍ഡ് താമസം അനുവദിക്കില്ല. ഇവിടെ കുടുംബങ്ങള്‍ക്കുള്ള താമസത്തിനാണ് അനുമതി. പട്ടികയിലുണ്ടെന്നത് സ്വതന്ത്ര അനുമതിയല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു പ്രദേശം ഷെയര്‍ഡ് ഹൗസിങ്ങിന് അനുവദിച്ചിട്ടുണ്ടെന്നത് അവിടെയുള്ള ഏത് കെട്ടിടവും സ്വമേധയാ ഷെയര്‍ഡ് അക്കോമഡേഷനാക്കി മാറ്റാമെന്നല്ല. കെട്ടിടം മുനിസിപ്പാലിറ്റിയുടെ പ്ലാനിങ്, നിര്‍മാണ, താമസക്കാരുടെ എണ്ണം, ആരോഗ്യസാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുകയും ആവശ്യമായ പെര്‍മിറ്റുകള്‍ നേടുകയും വേണം. പ്രോപ്പര്‍ട്ടി ഉടമയ്ക്കോ ലൈസന്‍സുള്ള സ്ഥാപനത്തിനോ മാത്രമാണ് ഷെയര്‍ഡ് ഹൗസിങ്ങിനായി താമസസൗകര്യം വാടകക്ക് നല്കാന് കഴിയുക. അംഗീകൃത ഓപ്പറേറ്റര്‍ക്ക് ഉടമയുടെ പേരില്‍ പ്രോപ്പര്‍ട്ടി മാനേജ് ചെയ്യുകയോ ഉടമയില്‍ നിന്ന് വാടകക്ക് എടുത്ത് നിയമപ്രകാരം താമസക്കാര്‍ക്ക് ഉപവാടകയ്ക്ക് നല്‍കുകയോ ചെയ്യാം.